ഭോപ്പാൽ: കഴുതയുടെ പേരിലും ചിത്രത്തിലും നഴ്സിങ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചതായ ആരോപണത്തിൽ മധ്യപ്രദേശ് നഴ്സസ് രജിസ്ട്രേഷൻ കൗൺസിലിനെതിരെ അന്വേഷണം. എൻ.എസ്.യു.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് രവി പർമാർ പരീക്ഷണാടിസ്ഥാനത്തിൽ സമർപ്പിച്ച അപേക്ഷയിലാണ് ഗുരുതരമായ ക്രമക്കേട് ആരോപിക്കുന്നത്.
അപേക്ഷയിൽ പേരിന്റെ സ്ഥാനത്ത് ‘Donkey’ എന്നും ഫോട്ടോയ്ക്ക് പകരം കഴുതയുടെ ചിത്രവുമാണ് നൽകിയത്. മാതാപിതാക്കളുടെ പേരുകൾ ‘Donkey Father’, ‘Donkey Mother’ എന്നും ജാതിയുടെ സ്ഥാനത്ത് ‘Animal’ എന്നും രേഖപ്പെടുത്തിയതായാണ് പർമാർ പറയുന്നത്. വിലാസം, പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് മാർക്ക്, റോൾ നമ്പർ തുടങ്ങിയ വിവരങ്ങളും ശരിയായ രേഖകളുടെ അടിസ്ഥാനത്തിലല്ല നൽകിയതെന്നും അദ്ദേഹം ആരോപിച്ചു.
യഥാർത്ഥ പരിശീലന പൂർത്തീകരണ സർട്ടിഫിക്കറ്റുകൾക്കും ബിരുദ, ഡിപ്ലോമ സർട്ടിഫിക്കറ്റുകൾക്കും പകരം രണ്ട് ശൂന്യമായ കടലാസുകളാണ് അപ്ലോഡ് ചെയ്തതെന്നും പർമാർ അവകാശപ്പെട്ടു. 2,050 രൂപ ഓൺലൈനായി അടച്ചതിന് പിന്നാലെ സെപ്റ്റംബർ 25-ന് ഏകദേശം അഞ്ച് മിനിറ്റിനുള്ളിൽ നഴ്സിങ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
രജിസ്ട്രേഷൻ നമ്പറും ഡിജിറ്റൽ ഒപ്പിന്റെ വിവരങ്ങളും ഉൾപ്പെട്ട സർട്ടിഫിക്കറ്റ് കാണിക്കുന്ന വീഡിയോയും പർമാർ പുറത്തുവിട്ടിട്ടുണ്ട്.
എം.പി.എൻ.ആർ.സിയുടെ ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനത്തിലെ ഗുരുതരമായ വീഴ്ചകളാണ് സംഭവത്തിലൂടെ പുറത്തുവന്നതെന്നാണ് പർമാറിന്റെ ആരോപണം. രേഖകൾ കൃത്യമായി പരിശോധിക്കാതെ സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നത് വ്യാജ രജിസ്ട്രേഷനുകൾക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, വിഷയത്തിൽ എം.പി.എൻ.ആർ.സി പ്രസിഡന്റ് ബീനു കുശ്വാഹയുമായി പ്രതികരണത്തിനായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല. ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം കൈകാര്യം ചെയ്യുന്ന ‘എം.പി. ഓൺലൈൻ’ ഏജൻസിയുടെ പങ്കും പരിശോധിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
വ്യാജ അപേക്ഷ പരിശോധന കൂടാതെ എങ്ങനെ അംഗീകരിക്കപ്പെട്ടുവെന്നും നഴ്സിങ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എങ്ങനെ ലഭിച്ചുവെന്നും വ്യക്തമാക്കണമെന്നാണ് പർമാറിന്റെ ആവശ്യം. നടപടിയുണ്ടായില്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എൻ.എസ്.യു.ഐയും മുന്നറിയിപ്പ് നൽകി.




