സംസ്ഥാനത്ത് പനി കേസുകളിൽ കുത്തനെ വർധന; ഈ മാസം ഇൻഫ്ലുവൻസ ബാധിച്ച് 20 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് പനി കേസുകളിൽ കുത്തനെ വർധന. ഈ മാസം ഇതുവരെ ഇൻഫ്ലുവൻസ ബാധിച്ച് 20 മരണമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നാല് മരണവും 724 രോഗബാധയുമായിരുന്നു റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ മാസം ഇതുവരെ ഇൻഫ്ലുവൻസ ബാധിതരുടെ എണ്ണം 251 ആയി.

ഈ വർഷം ഇതുവരെ സംസ്ഥാനത്ത് 11,021 പേർക്ക് ഇൻഫ്ലുവൻസ സ്ഥിരീകരിക്കുകയും 119 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ആകെ 6,182 ഇൻഫ്ലുവൻസ കേസുകളും 40 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഇൻഫ്ലുവൻസ മരണത്തിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്.

പനി, ശരീരവേദന, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുതെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഇൻഫ്ലുവൻസ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ നടത്താതെ ഉടൻ ചികിത്സ തേടണം. രോഗലക്ഷണങ്ങളുള്ളവർ പൂർണ വിശ്രമം എടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം.

രോഗബാധിതർ മാസ്ക് ധരിക്കണം. പ്രതിരോധശേഷി കുറഞ്ഞവരും മാസ്ക് ധരിക്കുന്നത് സുരക്ഷിതമാണ്. കുട്ടികളെയും പ്രായമായവരെയും പ്രത്യേകം ശ്രദ്ധിക്കണം. പനിയുള്ള കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കരുതെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. ഡോക്ടറുടെ നിർദേശപ്രകാരമുള്ള മരുന്നുകൾ കഴിക്കുന്നതിൽ മടിക്കേണ്ടതില്ല.

ഡെങ്കിപ്പനിയിലും ജാഗ്രത വേണം. ഇടവിട്ടുള്ള മഴക്കാലത്ത് ഈഡിസ് കൊതുകുകൾ പെരുകാൻ സാധ്യതയുള്ളതിനാൽ കൊതുക് പ്രജനനം തടയുകയാണ് പ്രധാന പ്രതിരോധ മാർഗം. വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്.

വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച തൊഴിലിടങ്ങളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. കൊതുക് പ്രജനന സാധ്യതയുള്ള എല്ലാ ഉറവിടങ്ങളും നശിപ്പിക്കണം.

ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, ചെടിച്ചട്ടികൾക്ക് താഴെയുള്ള പാത്രങ്ങൾ, വെള്ളത്തിൽ വളർത്തുന്ന അലങ്കാരച്ചെടികളുടെ പാത്രങ്ങൾ, ഉപയോഗിക്കാത്ത ക്ലോസറ്റുകൾ എന്നിവയിലും പ്രത്യേക ശ്രദ്ധ വേണം. ഉപയോഗശൂന്യമായ പാത്രങ്ങൾ, ചിരട്ടകൾ, കുപ്പികൾ എന്നിവയിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ശ്രദ്ധിക്കണം.

ടെറസ്, സൺഷേഡ്, റൂഫിന്റെ പാത്തി എന്നിവിടങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം. വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും ടാങ്കുകളും മൂടിവയ്ക്കണം. കൊതുകുകടി ഏൽക്കാതിരിക്കാനുള്ള വ്യക്തിഗത മുൻകരുതലുകളും സ്വീകരിക്കണം.

ഒരിക്കൽ ഡെങ്കിപ്പനി വന്നവർ വീണ്ടും രോഗബാധിതരാകുമ്പോൾ ഗുരുതരമാകാനുള്ള സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത അനിവാര്യമാണ്.

spot_img

Related news

മദ്യപിച്ച് ഡ്രൈവിങ്; അശ്വന്ത് കോക്കിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും; ഥാറിൽ എയർഗണ്ണും പെല്ലറ്റുകളും

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ പിടിയിലായ സിനിമാ വ്ലോഗർ അശ്വന്ത് കോക്കിന്റെ...

വെള്ളത്തൊട്ടിയിൽ സഹോദരങ്ങളുടെ മരണം: കൊലപാതകമെന്ന് പൊലീസ് നിഗമനം; അമ്മ പൊലീസ് കസ്റ്റഡിയിൽ

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ വെള്ളത്തൊട്ടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സഹോദരങ്ങളായ കുട്ടികളുടെ മരണം കൊലപാതകമെന്ന്...

മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ്: നിർമാണ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം

കൊച്ചി: മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ് സമുച്ചയത്തിലെ നിർമാണ ക്രമക്കേടുകളിൽ...

മട്ടന്നൂരിൽ എംഡിഎംഎയുമായി രണ്ട് ഡോക്ടർമാർ അറസ്റ്റിൽ

കണ്ണൂർ: മട്ടന്നൂരിൽ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി രണ്ട്...

38 വർഷം മുമ്പുള്ള ബാങ്ക് കവർച്ചാ കേസ്; 76 കാരനായ പ്രതിക്ക് 13 വർഷം തടവും പിഴയും

കൽപ്പറ്റ: 1988-ൽ നല്ലൂർനാട് സർവീസ് സഹകരണ ബാങ്കിൽ അതിക്രമിച്ച് കയറി സ്വർണാഭരണങ്ങളും...