കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ പിടിയിലായ സിനിമാ വ്ലോഗർ അശ്വന്ത് കോക്കിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി. സംഭവവുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് കൈമാറുമെന്ന് നടക്കാവ് സർക്കിൾ ഇൻസ്പെക്ടർ ജംഷീദ് മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. കേസിൽ തുടർനടപടികൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
അശ്വന്ത് കോക്കിന്റെ ഥാർ എസ്.യു.വിയിൽനിന്ന് എയർഗണ്ണും പെല്ലറ്റുകളും മദ്യക്കുപ്പികളും കണ്ടെത്തി. കസ്റ്റഡിയിലെടുത്ത വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് നടക്കാവ് പോലീസ് ഇവ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് 7.30-ഓടെയായിരുന്നു സംഭവം. എരഞ്ഞിപ്പാലം മിനി ബൈപ്പാസിൽ അശ്വന്ത് കോക്ക് ഓടിച്ച ഥാർ മറ്റ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. ഒരു കാറിലും നാല് ബൈക്കുകളിലും കെ.എസ്.ഇ.ബി. ട്രാൻസ്ഫോർമറിലും വാഹനം ഇടിച്ചതായാണ് പരാതി.
തുടർന്ന് വാഹന ഉടമകളും പ്രദേശവാസികളും ചേർന്ന് അശ്വന്ത് കോക്കിനെ തടഞ്ഞുവെച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. പോലീസിനോടും അശ്വന്ത് തട്ടിക്കയറിയതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ വിവിധ വാഹന ഉടമകളുടെ പരാതിയിൽ നടക്കാവ് പോലീസ് കേസെടുത്തു. തുടർന്ന് അശ്വന്ത് കോക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സംഭവത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.




