തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് ഉന്നയിച്ച കാര്യങ്ങൾ തള്ളിക്കളയാനാകില്ലെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ. അടൂർ പ്രകാശ് തന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ പങ്കുവച്ചതെന്നും അദ്ദേഹത്തിന് അത് പറയാനുള്ള എല്ലാ അവകാശവുമുണ്ടെന്നും ജെബി മേത്തർ പറഞ്ഞു.
കാര്യങ്ങൾ മാധ്യമങ്ങളിലൂടെയല്ല, പാർട്ടി ഫോറത്തിലാണ് ചർച്ച ചെയ്യേണ്ടതെന്ന അടൂർ പ്രകാശിന്റെ നിലപാടിനെയും ജെബി മേത്തർ പിന്തുണച്ചു.
അതേസമയം, കെപിസിസി എക്സിക്യൂട്ടീവ് യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് കത്ത് നൽകിയതായി ജെബി മേത്തർ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് മാസമായി എക്സിക്യൂട്ടീവ് വിളിക്കണമെന്ന് മഹിളാ കോൺഗ്രസ് ആവശ്യപ്പെട്ടുവരികയാണെന്നും വ്യക്തിപരമായും ഫോൺ വഴിയും ഇ-മെയിൽ മുഖേനയും കത്തിലൂടെയും ഇക്കാര്യം കെപിസിസി അധ്യക്ഷനെ അറിയിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
പാർട്ടിക്കുള്ളിൽ പറയേണ്ട കാര്യങ്ങൾ പാർട്ടി ഫോറത്തിൽ തന്നെ പറയണമെന്ന നിലപാടിന്റെ ഭാഗമായാണ് കത്ത് നൽകിയതെന്നും ജെബി മേത്തർ വ്യക്തമാക്കി. ഉൾപ്പാർട്ടി ജനാധിപത്യത്തിൽ വിശ്വസിക്കുന്ന അച്ചടക്കമുള്ള പ്രവർത്തക എന്ന നിലയിലാണ് ഈ ആവശ്യം ഉന്നയിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ബോർഡ്-കോർപ്പറേഷൻ ഉൾപ്പെടെയുള്ള പ്രധാന സ്ഥാനങ്ങളിലേക്ക് താൽപര്യമില്ലാത്ത ആളുകളെ പരിഗണിക്കുന്നുവെന്ന പരാതിയും മഹിളാ കോൺഗ്രസിനുണ്ടെന്ന് ജെബി മേത്തർ പറഞ്ഞു.




