പാലക്കാട്: അട്ടപ്പാടി കോട്ടത്തറയിൽ വിൽപ്പനയ്ക്കായി അതിർത്തി കടത്തിക്കൊണ്ടുവന്ന 45 കുപ്പി തമിഴ്നാട് മദ്യം പിടികൂടി. കോട്ടത്തറ യു.പി സ്കൂളിന് സമീപത്തെ ചവറ്റുകൂനയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ കണ്ടെത്തിയത്. എക്സൈസ് പരിശോധനയിൽ പിടിക്കപ്പെടുമെന്ന് മനസിലായതോടെ മദ്യം ചവറ്റുകൂനയിൽ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടതായാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി അഗളി റേഞ്ച് എക്സൈസ് സംഘമാണ് പ്രദേശത്ത് പരിശോധന നടത്തിയത്. ഇന്ന് ഡ്രൈ ഡേ ആയതിനാൽ അനധികൃതമായി മദ്യം എത്തിച്ച് വിൽപ്പന നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കടത്തെന്നാണ് എക്സൈസിന്റെ സംശയം. സംഭവത്തിൽ പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു.




