തിരുവനന്തപുരം: മാസങ്ങളായി കോതയാർ പരിസരവാസികളുടെ ഉറക്കം കെടുത്തിയ ഭീമൻ മുതല ഒടുവിൽ വനംവകുപ്പിന്റെ വലയിൽ. ഏകദേശം 300 കിലോ ഭാരമുള്ള മുതലയെയാണ് പ്രത്യേക ദൗത്യസംഘം സാഹസികമായി പിടികൂടിയത്.
ഏഴുമാസം മുമ്പാണ് കോതയാറ്റിൽ മുതലയുടെ സാന്നിധ്യം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വനംവകുപ്പ് നടത്തിയ തിരച്ചിലിനിടെ പലതവണ കെണിയൊരുക്കിയെങ്കിലും മുതലയെ പിടികൂടാനായില്ല.
പിന്നീട് മുതലയുടെ സഞ്ചാരപഥം കണ്ടെത്തി പ്രത്യേക വലകൾ സ്ഥാപിച്ചു. ഇന്ന് രാവിലെയോടെ തൃപ്പരപ്പിന് സമീപം ആറ്റിൻകരയിൽ സ്ഥാപിച്ച വലയിൽ മുതല കുടുങ്ങുകയായിരുന്നു. തുടർന്ന് നിരവധി വലകൾ ഉപയോഗിച്ച് സുരക്ഷിതമായി കരയ്ക്കെത്തിച്ചു.
മുതലയെ നിലവിൽ വനംവകുപ്പ് ഓഫീസിലേക്ക് മാറ്റിയിരിക്കുകയാണ്. എങ്ങോട്ട് മാറ്റണമെന്നത് ഉന്നതതല യോഗത്തിന് ശേഷമായിരിക്കും തീരുമാനിക്കുക.
അതേസമയം, വർഷങ്ങൾക്ക് മുമ്പ് മുതലക്കുഞ്ഞിന്റെ സാന്നിധ്യം സംബന്ധിച്ച് വിവരം നൽകിയിരുന്നെങ്കിലും അധികൃതർ അവഗണിച്ചുവെന്നാണ് പ്രദേശവാസികളുടെ ആരോപണം.




