വെള്ളറടയിൽ റിസോർട്ട് നടത്തിപ്പുകാരനെ ആക്രമിച്ച് കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ മൂന്ന് ക്വട്ടേഷൻ സംഘാംഗങ്ങൾ കൂടി അറസ്റ്റിൽ.
കർണാടകയിലെ സത്യമംഗലം കാട്ടിൽ നിന്നാണ് വെള്ളറട പൊലീസ് പ്രതികളെ പിടികൂടിയത്. കർണാടക സ്വദേശികളായ മുഹമ്മദ് കൗനേൻ, മുഹമ്മദ് ഹിറോസ്, സെയ്യദ് സലിം എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
കർണാടക അതിർത്തി കേന്ദ്രീകരിച്ച് കവർച്ച, മോഷണം, ക്വട്ടേഷൻ, ഗുണ്ടാ പ്രവർത്തനം തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് അറസ്റ്റിലായ മൂന്നുപേരെന്നും പൊലീസ് അറിയിച്ചു.
തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രണ്ട് ഗുണ്ടാ നേതാക്കൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. രണ്ട് വാഹനങ്ങളിലായെത്തിയ സംഘം റിസോർട്ട് നടത്തിപ്പുകാരനായ ശ്യാമിനെ ആക്രമിക്കുകയായിരുന്നു.
ആക്രമി സംഘത്തിലെ ആദ്യത്തെ മൂന്നുപേർ വാഹനത്തിൽ കയറി തമിഴ്നാട്ടിലേക്ക് കടന്നു. എന്നാൽ ശ്യാമിനെ ബലമായി കയറ്റിയ രണ്ടാമത്തെ വാഹനം വഴി തെറ്റി ചെമ്പൂർ ഭാഗത്തേക്ക് പോയത് അന്വേഷണത്തിൽ നിർണായകമായി. വിവരമറിഞ്ഞെത്തിയ വെള്ളറട, ആര്യങ്കോട് പൊലീസ് സംഘങ്ങളും നാട്ടുകാരും ചേർന്ന് വാഹനം ചെമ്പൂരിൽ തടഞ്ഞ് പ്രതികളെ കസ്റ്റഡിയിലെടുത്തു.
ആദ്യഘട്ടത്തിൽ പിടിയിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് സത്യമംഗലം കാട്ടിൽ ഒളിവിൽ കഴിയുന്ന മറ്റ് പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്.
റൂറൽ ജില്ലാ പൊലീസ് മേധാവി പ്രശാന്തൻ കാണിയുടെ നിർദേശപ്രകാരം, നെയ്യാറ്റിൻകര ഡിവൈഎസ്പി സ്റ്റുവർട്ട് കീലറുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് തുടർനടപടി.
വെള്ളറട സർക്കിൾ ഇൻസ്പെക്ടർ പി. ശ്രീകുമാരൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് സത്യമംഗലം കാട്ടിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ മൂന്നുപേരെയും പിടികൂടിയത്.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




