മലപ്പുറം: സഹോദരന്റെ ബൈക്ക് എടുത്ത് ഓടിച്ചതിന് വീട്ടുകാർ ശകാരിച്ചതിനെ തുടർന്ന് വീടുവിട്ട 15കാരനെ ഡൽഹിയിൽ കണ്ടെത്തി. കരുളായി സ്വദേശിയായ വിദ്യാർഥിയെ ഓഗസ്റ്റ് 22 മുതലാണ് കാണാതായത്. കുട്ടിയെ കാണാതായതിനെ തുടർന്ന് പൂക്കോട്ടുംപാടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെയും കുട്ടിക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. ഇതിനിടെയാണ് ഡൽഹി മെട്രോ സ്റ്റേഷനിൽ വെച്ച് കരുളായി സ്വദേശികളായ സംഘം കുട്ടിയെ തിരിച്ചറിഞ്ഞത്. ഉടൻ തന്നെ ഇവർ പൂക്കോട്ടുംപാടം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം പൂക്കോട്ടുംപാടം പൊലീസ് സംഘം ഡൽഹിയിലെത്തി കുട്ടിയെ സുരക്ഷിതമായി നാട്ടിലെത്തിച്ചു. തുടർന്ന് പെരിന്തൽമണ്ണ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കിയ ശേഷം കുട്ടിയെ മാതാപിതാക്കൾക്കൊപ്പം അയച്ചു. പൂക്കോട്ടുംപാടം ഇൻസ്പെക്ടർ അബ്ദുൽ കരീം, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജിനാസ് ബക്കർ, സിവിൽ പൊലീസ് ഓഫീസർമാരായ അഫ്സൽ ബാബു, സാബിറലി എന്നിവരടങ്ങിയ സംഘമാണ് കുട്ടിയെ കണ്ടെത്തുന്നതിനായി ഡൽഹിയിലെത്തിയത്.




