മുംബൈ: സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത അണുബാധയും വൃക്ക സംബന്ധമായ അസുഖവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഡോ. ഗൗതം ഭൻസാലിയുടെ നേതൃത്വത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ അണ്ണാ ഹസാരെ ചികിത്സയിലും നിരീക്ഷണത്തിലുമാണ്. അദ്ദേഹത്തിന്റെ ഗ്രാമമായ റാലെഗാവ് സിദ്ധിയിൽ നിന്ന് സഹായികൾക്കൊപ്പം കാർഡിയാക് ആംബുലൻസിലാണ് മുംബൈയിലെ ആശുപത്രിയിലെത്തിച്ചത്.
ഹസാരെയുടെ വിവിധ പരിശോധനകൾ പുരോഗമിക്കുകയാണെന്നും പരിശോധനാ ഫലങ്ങൾ ലഭിച്ചശേഷം തുടർചികിത്സ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും ഡോ. ഭൻസാലി അറിയിച്ചു.
2011ലെ ‘ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ’ പ്രസ്ഥാനത്തിലൂടെയാണ് അണ്ണാ ഹസാരെ ദേശീയതലത്തിൽ ശ്രദ്ധേയനായത്. അതിന് മുമ്പുതന്നെ മഹാരാഷ്ട്രയിൽ സാമൂഹിക സേവന രംഗത്തും അഴിമതിവിരുദ്ധ പ്രവർത്തനങ്ങളിലും സജീവമായിരുന്നു അദ്ദേഹം.




