പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളിയോടെ മലയാളികളുടെ ഓണക്കാലത്തിന് തുടക്കമായി. സംസ്ഥാനത്ത് തിരുവോണാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇന്ന് തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്ര നടക്കും.
അത്തം പിറന്നതോടെ മലയാളികൾ ഔദ്യോഗികമായി ഓണാഘോഷങ്ങളിലേക്ക് കടക്കും. പൂക്കളങ്ങൾ, ഓണക്കോടി, ഓണക്കളികൾ, ഓണസദ്യ തുടങ്ങി ആഘോഷങ്ങളുടെ ഒരുക്കങ്ങൾക്കും ഇന്ന് തുടക്കമാകും. ഓണപ്പരീക്ഷകൾ പൂർത്തിയാക്കി ഓഗസ്റ്റ് 21ഓടെ കുട്ടികളും ഓണാവധിയിലേക്ക് കടക്കും. പൂക്കളമൊരുക്കാനുള്ള പൂക്കളുമായി ഓണവിപണിയും സജീവമായിത്തുടങ്ങി. സർക്കാർ ഉൾപ്പെടെയുള്ള വിവിധ ഓണച്ചന്തകൾക്കും വരും ദിവസങ്ങളിൽ തുടക്കമാകും. പൂവിളിയും ആഘോഷനിറവും നിറച്ച് ഒരിക്കൽ കൂടി മലയാളിയുടെ മനസ്സിലേക്ക് ഓണം എത്തുകയാണ്.




