തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പുതിയ സംസ്ഥാന അധ്യക്ഷന്റെ നിയമനം വൈകും. നിലവിലെ അധ്യക്ഷനും മന്ത്രിയുമായ ഒ.ജെ. ജനീഷ് തന്നെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരും. നിലവിലെ കമ്മിറ്റിയുടെ കാലാവധി അവസാനിക്കുന്ന ഡിസംബർ വരെയാകും ജനീഷ് തുടരുക.
ഡിസംബറിന് ശേഷം സംഘടനയിൽ പുനഃസംഘടന വേണമോ, തെരഞ്ഞെടുപ്പ് നടത്തണമോ എന്ന കാര്യത്തിൽ ദേശീയ നേതൃത്വം തീരുമാനമെടുക്കും. യൂത്ത് കോൺഗ്രസിന് സ്വന്തമായി സംസ്ഥാന ആസ്ഥാനം നിർമ്മിക്കുമെന്ന് ഒ.ജെ. ജനീഷ് ദേശീയ നേതൃത്വത്തിന് ഉറപ്പ് നൽകിയതായും വിവരമുണ്ട്.
സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കി, കെ.എം. അഭിജിത്ത്, ബിനു ചുള്ളിക്കൽ എന്നിവരുടെ പേരുകൾ ഉയർന്നിരുന്നെങ്കിലും ഒടുവിൽ അപ്രതീക്ഷിതമായാണ് ഒ.ജെ. ജനീഷ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്.
തൃശൂർ മാള സ്വദേശിയായ ജനീഷ് നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനുമായിരുന്നു. തൃശൂർ ജില്ലയിലെ സംഘടനാ പ്രവർത്തനത്തിലെ മികവാണ് അധ്യക്ഷ സ്ഥാനത്തേക്ക് ജനീഷിനെ പരിഗണിക്കാൻ പ്രധാന കാരണമായത്.
കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായാണ് ഒ.ജെ. ജനീഷ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് കെ.എസ്.യു തൃശൂർ ജില്ലാ പ്രസിഡന്റായും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചു. സംഘടനയിലെ വിവിധ തലങ്ങളിലെ പ്രവർത്തന പരിചയമാണ് സംസ്ഥാന അധ്യക്ഷ പദവിയിലേക്കുള്ള ജനീഷിന്റെ ഉയർച്ചയ്ക്ക് വഴിയൊരുക്കിയത്.




