വയോധികയെ മർദിച്ചെന്ന പരാതിയിൽ യൂട്യൂബ് വ്ളോഗർ ശാലു പേയാടിനെതിരെ പൊലീസ് കേസെടുത്തു. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
വീട് വച്ച് നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ചെന്നും ശാലു പേയാടിനെതിരെ പരാതിയുണ്ട്. ഇതിനായി പിരിച്ച പണം മുഴുവനായും നൽകാത്തതിനെക്കുറിച്ച് ചോദിച്ചതിന് പിന്നാലെയാണ് ആക്രമണമുണ്ടായതെന്നാണ് വയോധികയുടെ പരാതി.
അതേസമയം, ആരോപണങ്ങൾ നിഷേധിച്ച് ശാലു പേയാടും സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. വയോധികയാണ് തന്നെ ആക്രമിച്ചതെന്നും താൻ മർദിച്ചിട്ടില്ലെന്നുമാണ് ശാലു പേയാടിന്റെ വിശദീകരണം.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ വീട്ടിലുണ്ടായിരുന്നവർ പകർത്തിയതാണെന്നാണ് വിവരം. ഈ വീഡിയോയാണ് പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.




