തിരുവനന്തപുരം: സംസ്ഥാനത്തെ പിന്നാക്ക വിഭാഗം വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് കുടിശ്ശിക പൂർണമായി തീർപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർ 30 കോടി രൂപ കൂടി അധികമായി അനുവദിച്ചു. പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസിയാണ് ഇക്കാര്യം അറിയിച്ചത്. ഒ.ഇ.സി., ഒ.ബി.സി. വിഭാഗങ്ങളിലെ പോസ്റ്റ് മെട്രിക് വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് ഇനത്തിൽ ലഭിക്കാനുണ്ടായിരുന്ന 310 കോടി രൂപയുടെ കുടിശ്ശികയാണ് ഈ ഉത്തരവോടെ പൂർണമായും തീർപ്പാകുന്നത്.
പുതിയ സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള 84 ദിവസത്തിനകമാണ് പിന്നാക്ക വിഭാഗ വിദ്യാർഥികൾക്കായി ആകെ 310 കോടി രൂപ സർക്കാർ അനുവദിച്ചിരിക്കുന്നത്. സ്കോളർഷിപ്പ് തുക വൈകുന്നത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ സാമ്പത്തിക പ്രതിസന്ധികൾ സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് സർക്കാർ അടിയന്തരമായി ഇടപെട്ടത്. അനുവദിച്ച തുക അർഹരായ വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ലഭ്യമാക്കാനുള്ള നടപടികൾ പിന്നാക്ക ക്ഷേമവകുപ്പ് വേഗത്തിലാക്കിയിട്ടുണ്ട്. സർക്കാരിന്റെ നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി നൽകിയ സുപ്രധാന വാഗ്ദാനമാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.




