കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപയുടെ മരുന്നുകൾ കെട്ടിക്കിടന്ന് നശിക്കുന്നതായി റിപ്പോർട്ട്. മെഡിക്കൽ കോളേജിലെ ഏഴാം നിലയിലും എട്ടാം നിലയിലുമാണ് മരുന്നുകളുടെ വൻ കൂമ്പാരം സൂക്ഷിച്ചിരിക്കുന്നത്. ആശുപത്രിക്കുള്ളിലെ ഗുരുതര അനാസ്ഥ വ്യക്തമാക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
രണ്ട് നിലകളിലായി നടക്കാൻ പോലും കഴിയാത്ത വിധത്തിലാണ് മരുന്നുകൾ കൂട്ടിയിട്ടിരിക്കുന്നത്. ഇഎൻടി, നേത്രം, ന്യൂറോ മെഡിസിൻ, ന്യൂറോ സർജറി, കാൻസർ വാർഡുകൾക്ക് മുന്നിലും മറ്റ് വൃത്തിഹീനമായ സ്ഥലങ്ങളിലുമാണ് മരുന്നുകൾ സൂക്ഷിച്ചിരിക്കുന്നത്. ഇഞ്ചക്ഷൻ, നെബുലൈസർ സൊല്യൂഷൻ, പാരസെറ്റമോൾ എന്നിവയ്ക്ക് പുറമെ പിപിഇ കിറ്റുകൾ ഉൾപ്പെടെയുള്ളവയും വലിയ ബോക്സുകളിലായി കൂമ്പാരമായി കിടക്കുകയാണ്. കെഎംഎസ്‌സിഎൽ വിതരണം ചെയ്ത കോടികൾ വിലമതിക്കുന്ന മരുന്നുകളാണ് ഇത്തരത്തിൽ കെട്ടിക്കിടന്ന് നശിക്കുന്നത്. കാലാവധി കഴിഞ്ഞതും കാലാവധി കഴിയാത്തതുമായ മരുന്നുകൾ കൂട്ടത്തിലുണ്ട്. ഇതിൽ പല മരുന്നുകളും വർഷങ്ങൾക്ക് മുമ്പ് തന്നെ കാലാവധി കഴിഞ്ഞവയാണെന്നാണ് വിവരം.
കാലാവധി കഴിഞ്ഞ മരുന്നുകൾ നീക്കം ചെയ്യുന്നതിനും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം. വിഷയത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി ലഭിച്ചിരുന്നതായാണ് വിവരം. എന്നാൽ പരാതിയിൽ ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. കോടികൾ വിലമതിക്കുന്ന മരുന്നുകൾ ഇത്തരത്തിൽ പാഴാകുന്നതിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും നടപടിയില്ലായ്മയും ചോദ്യമുയർത്തുകയാണ്.




