മലപ്പുറം: ജില്ലയിൽ കാണാതാകുന്നവരുടെ എണ്ണത്തിൽ വർഷംതോറും വർധന. ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ വർഷം ഇതുവരെ മലപ്പുറത്ത് 363 പേരെയാണ് കാണാതായത്.
2022 മുതൽ കണക്കുകൾ പരിശോധിച്ചാൽ ആശങ്കപ്പെടുത്തുന്ന വർധനയാണ് രേഖപ്പെടുത്തുന്നത്. 2022ൽ 534 പേരെ കാണാതായപ്പോൾ 2023ൽ ഇത് 536 ആയി. 2024ൽ 784 പേരും 2025ൽ 733 പേരുമാണ് ജില്ലയിൽ നിന്ന് കാണാതായത്.
വീടുകളിൽ നിന്ന് സ്കൂളുകളിലേക്കും കോളേജുകളിലേക്കും തൊഴിലിടങ്ങളിലേക്കും പോകുന്നതിനിടെയാണ് ഭൂരിഭാഗം പേരെയും കാണാതാകുന്നതെന്നാണ് വിവരം. കാണാതാകുന്നവരിൽ വലിയൊരു വിഭാഗം പെൺകുട്ടികളും സ്ത്രീകളുമാണെന്നതും ആശങ്ക വർധിപ്പിക്കുന്നു.
പൊലീസിന്റെ അന്വേഷണത്തിലൂടെ പലരെയും കണ്ടെത്താനായെങ്കിലും, ഇപ്പോഴും വിവരമൊന്നും ലഭിക്കാത്തവരും നിരവധിയാണ്. രക്ഷിതാക്കളുമായുള്ള തർക്കത്തെ തുടർന്ന് വീടുവിട്ടിറങ്ങുന്നവരും പ്രണയബന്ധങ്ങളെ തുടർന്ന് ഒളിച്ചോടുന്നവരുമാണ് കാണാതാകുന്നവരിൽ വലിയൊരു വിഭാഗം.
സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന അപരിചിതർക്കൊപ്പം ദിവസങ്ങൾ മാത്രം നീളുന്ന ബന്ധത്തിന്റെ പേരിൽ വീടുവിട്ടിറങ്ങുന്ന പ്രവണതയും വർധിക്കുന്നതായി പൊലീസ് ചൂണ്ടിക്കാട്ടുന്നു. കുട്ടികളെ അനാവശ്യമായി ശിക്ഷിക്കുകയോ അവഗണിക്കുകയോ ചെയ്യുന്ന കുടുംബാന്തരീക്ഷവും ചിലരെ വീടുവിടാൻ പ്രേരിപ്പിക്കുന്നതായി വിലയിരുത്തൽ.
സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 5,253 പേരെയാണ് കാണാതായതായി ഔദ്യോഗിക കണക്കുകൾ. സ്വന്തം നിലയിൽ അന്വേഷണം നടത്തി പരാജയപ്പെട്ട ശേഷമാണ് പലരും പൊലീസിനെ സമീപിക്കുന്നത്. അതിനാൽ ഔദ്യോഗിക കണക്കുകളേക്കാൾ യഥാർഥ എണ്ണം കൂടുതലായിരിക്കാമെന്നാണ് സൂചന.




