പനി ബാധിച്ചതിനെ തുടർന്ന് ചികിത്സ തേടിയ യുവതി മണിക്കൂറുകൾക്കകം മരിച്ചു. മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി വീട്ടിലെത്തിയ 21-കാരിയാണ് രാത്രിയോടെ കുഴഞ്ഞുവീണ് മരിച്ചത്.
പാലക്കാട് മണ്ണാർക്കാട് എം.ഇ.എസ്. കല്ലടി കോളേജിന് സമീപം താമസിച്ചിരുന്ന തൃക്കടീരി ആറ്റാശ്ശേരി സ്വദേശിനി റന ഫാത്തിമയാണ് മരിച്ചത്. 21 വയസായിരുന്നു.
രണ്ടുദിവസം മുമ്പ് പനിയുടെ ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ റന പിന്നീട് വീട്ടിലേക്ക് മടങ്ങിയിരുന്നു.
വൈകുന്നേരത്തോടെ കൈകൾക്ക് വേദന അനുഭവപ്പെടുന്നതായി പറഞ്ഞ യുവതി വിശ്രമിക്കാൻ കിടന്നെങ്കിലും രാത്രിയോടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹൃദയാഘാതത്തെ തുടർന്നാണ് അപ്രതീക്ഷിത മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. മരണത്തിന്റെ കൃത്യമായ കാരണം പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള തുടർ പരിശോധനകൾക്കുശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ.
പ്ലസ് ടു പഠനം പൂർത്തിയാക്കിയ റന ഫാത്തിമ എംബിബിഎസ് പ്രവേശനത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നാണ് കുടുംബം അറിയിച്ചത്.




