സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മധ്യഛത്തീസ്ഗഢിനും വടക്കൻ ഒഡീഷയ്ക്കും മുകളിലായി സ്ഥിതി ചെയ്യുന്ന അതിതീവ്ര ന്യൂനമർദത്തിന്റെ സ്വാധീനത്താലാണ് കേരളത്തിൽ മഴ ശക്തമാകുന്നതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ആഗസ്റ്റ് 2 വരെ സംസ്ഥാനത്ത് വ്യാപകമായി നേരിയതോ മിതമായതോ ആയ മഴയ്ക്കും, ജൂലൈ 30 മുതൽ ആഗസ്റ്റ് 1 വരെ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.




