പാലക്കാട്: മുണ്ടൂരിലെ വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് എതിരായ സൈബറാക്രമണത്തിൽ പ്രതി പിടിയിൽ. വയനാട് സ്വദേശിയായ വിവേകാണ് അറസ്റ്റിലായത്. വനിതാ ഹെൽത്ത് ഇൻസ്പെക്ടറുടെ ഫോൺ നമ്പർ അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇയാൾക്കെതിരെ സമാനമായ നിരവധി കേസുകൾ നിലവിലുണ്ട്. ദിവസങ്ങൾക്ക് മുമ്പ് സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ മദ്യലഹരിയിൽ അതിക്രമം നടത്തിയതിന് വിവേകിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തിന്റെ പശ്ചാത്തലം: ഡെങ്കിപ്പനി ബാധിച്ച ആൾക്ക് പകരം അബദ്ധത്തിൽ നമ്പർ മാറി വിളിച്ചത് വയനാട് സ്വദേശിയായ വിവേകിനെയായിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്ന് നൽകിയ വിവരങ്ങളിലെ പിശകാണ് തെറ്റായി വിവേകിനെ വിളിക്കാൻ കാരണമായത്. അന്നുമുതൽ മുണ്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രമ്യ ഗുരുതരമായ സൈബർ ആക്രമണമാണ് നേരിട്ടത്. പരാതി നൽകിയിട്ടും ആദ്യം പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ നടപടിയുണ്ടായിരുന്നില്ല. സൈബർ ആക്രമണം ശക്തമായതിനെ തുടർന്ന് ഇവർക്ക് അവധിയിൽ പോകേണ്ടി വരുന്ന സാഹചര്യവുമുണ്ടായിരുന്നു. തുടർന്ന് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ പൊലീസ് ഊർജ്ജിതമാക്കിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.




