തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണനിർവഹണം സുഗമമാക്കുന്നതിനും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന സേവന നടപടികൾ ലളിതമാക്കുന്നതിനുമായി അഞ്ച് സുപ്രധാന പരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അസറ്റ് മാനേജ്മെന്റ് ഡിജിറ്റൽ പ്ലാറ്റ്ഫോം, പ്ലാൻ സ്പേസ് 2.0, സർക്കാർ സ്ഥാപനങ്ങളുടെ അസറ്റ് രജിസ്റ്റർ, 591 ഭരണനിർവഹണ സ്ഥാപനങ്ങളിൽ സമഗ്ര പരിശോധന, ഒരേസ്വഭാവമുള്ള ഭരണഘടനാ സ്ഥാപനങ്ങളുടെ ഏകീകരണം, കാലഹരണപ്പെട്ട നിയമങ്ങളുടെ ഭേദഗതി എന്നിവയാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രധാന പരിഷ്കാരങ്ങൾ.
വാർത്താസമ്മേളനത്തിലെ മറ്റ് പ്രധാന പ്രഖ്യാപനങ്ങളും പ്രതികരണങ്ങളും:
- ഓണക്കിറ്റും വിപണിയും: ഓണവിപണിയിൽ വിലക്കയറ്റം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. ഓഗസ്റ്റ് 10 മുതൽ മഞ്ഞ കാർഡുടമകൾക്ക് സൗജന്യ ഓണക്കിറ്റ് നൽകിതുടങ്ങും.
- ലഹരിമരുന്ന് കേസ്: അധ്യാപകർ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായത് ഞെട്ടിപ്പിക്കുന്നതാണെന്നും ഇത് ലഹരി നെറ്റ്വർക്കിന്റെ ആഴമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
- എം.ആർ. അജിത് കുമാറിനെതിരായ നടപടി: എല്ലാ വശങ്ങളും സമയമെടുത്ത് പരിശോധിച്ച്, വിശദീകരണം തേടിയ ശേഷമാണ് അജിത് കുമാറിനെതിരായ നടപടി സ്വീകരിച്ചത്.
- സ്റ്റേ വിഷയങ്ങൾ: കാറ്റ് (CAT) സ്റ്റേ അനുവദിക്കാത്തത് സർക്കാർ കൃത്യമായി നടപടിക്രമങ്ങൾ പാലിച്ചത് കൊണ്ടാണ്.
- സ്ത്രീവിരുദ്ധ പരാമർശ വിവാദത്തിൽ വിശദീകരണം: പാചകത്തെക്കുറിച്ചുള്ള പ്രസംഗം സ്ത്രീവിരുദ്ധമാണെന്ന വിമർശനങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകി. താൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്നും വെറുതെ വിവാദമുണ്ടാക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ‘പെൺമക്കൾക്ക്’ എന്നല്ല, ‘മക്കൾക്ക്’ പരമ്പരാഗത ഭക്ഷണ രീതികൾ പകർന്നു നൽകണമെന്നാണ് താൻ പറഞ്ഞതെന്നും പ്രസ്തുത കാര്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അമ്മമാർ മകന്റെ ഭാര്യയ്ക്ക് പരമ്പരാഗത പാചകരീതികൾ പകർന്നു നൽകണമെന്ന് പറഞ്ഞതിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ വിശദീകരണം.




