ബെംഗളൂരു: കർണാടകയിലെ എല്ലാ എൻജിനീയറിംഗ്, ആർട്സ്, സയൻസ് കോളേജുകളിലും വിദ്യാർത്ഥികൾക്കായി എച്ച്.ഐ.വി പരിശോധനയും കൗൺസിലിംഗും സംഘടിപ്പിക്കാൻ തീരുമാനം. കർണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവൻഷൻ സൊസൈറ്റിയുടെ ശുപാർശയെ തുടർന്നാണ് വിശ്വേശ്വരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയും കോളേജിയറ്റ് എഡ്യൂക്കേഷൻ വകുപ്പും പദ്ധതിക്കായുള്ള നടപടികൾ ആരംഭിച്ചത്.
വിദ്യാർത്ഥികളുടെ സ്വകാര്യത ഉറപ്പാക്കുന്നതിനായി ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള “Know Your HIV Status” എന്ന മൊബൈൽ ആപ്പും ആരോഗ്യവകുപ്പ് ഒരുക്കും. പ്രത്യേക ആരോഗ്യ ക്യാമ്പുകളിലൂടെയാകും കോളേജുകളിൽ പരിശോധനയും കൗൺസിലിംഗും നടത്തുക. പദ്ധതിയുമായി സഹകരിക്കാൻ എല്ലാ കോളേജ് പ്രിൻസിപ്പൽമാർക്കും നിർദേശം നൽകിയിട്ടുണ്ട്.
എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എച്ച്.ഐ.വി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും നേരത്തെ നിർദേശിച്ചിരുന്നു. അതിന്റെ ഭാഗമായാണ് സംസ്ഥാനതലത്തിൽ ഈ പദ്ധതി നടപ്പാക്കുന്നത്.
നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ കണക്കുകൾ പ്രകാരം, രാജ്യത്ത് എച്ച്.ഐ.വി ബാധിതരുടെ എണ്ണത്തിൽ കർണാടകം മൂന്നാം സ്ഥാനത്താണ്. സംസ്ഥാനത്ത് ഏകദേശം 2.6 ലക്ഷം എച്ച്.ഐ.വി ബാധിതരുണ്ടെന്നും, അതിൽ 54,000-ത്തോളം പേർക്ക് രോഗബാധയുള്ള കാര്യം അറിയില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
18 മുതൽ 25 വയസ്സ് വരെയുള്ള 7,000 പേർ എച്ച്.ഐ.വി ബാധിതരാണെന്നും, 18 മുതൽ 35 വയസ് വരെയുള്ള വിഭാഗത്തിൽ രോഗവ്യാപനം വർധിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധവും ലഹരി ഉപയോഗവുമാണ് രോഗവ്യാപനത്തിന് പ്രധാന കാരണങ്ങളെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു.
രോഗം നേരത്തെ കണ്ടെത്തുന്നതിലൂടെ ചികിത്സ വേഗത്തിൽ ആരംഭിക്കാനും രോഗവ്യാപനം കുറയ്ക്കാനും കഴിയുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കോളേജ് വിദ്യാർത്ഥികൾക്കിടയിൽ എച്ച്.ഐ.വി പരിശോധനയും കൗൺസിലിംഗും വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.




