കൊച്ചി: നടൻ മോഹൻലാലിനെതിരെ സൈബർ ആക്രമണം ശക്തമാകുന്നു. ഡൽഹിയിലെ പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് മകൾ വിസ്മയ മോഹൻലാൽ പങ്കുവച്ച പോസ്റ്റിന് പിന്നാലെയാണ് മോഹൻലാലിനെതിരെയും അധിക്ഷേപ കമന്റുകൾ ഉയർന്നത്.
വിസ്മയയ്ക്കെതിരെ വ്യാപകമായി സൈബർ ആക്രമണം നടന്നതിന് പിന്നാലെയാണ് ആക്രമണത്തിന്റെ ലക്ഷ്യം മോഹൻലാലിലേക്ക് മാറിയത്. മകളെ നിയന്ത്രിക്കണമെന്ന തരത്തിലുള്ള കമന്റുകളാണ് ചിലർ പങ്കുവയ്ക്കുന്നത്.
വിസ്മയയുടെ ആദ്യ ചിത്രം റിലീസിന് ഒരുങ്ങുന്ന സാഹചര്യത്തിൽ, സിനിമയുമായി ബന്ധപ്പെടുത്തി ഭീഷണി സ്വഭാവമുള്ള പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ലോകകപ്പിൽ സ്പെയിനിന്റെ വിജയം ആഘോഷിച്ച് മോഹൻലാൽ പങ്കുവച്ച പോസ്റ്റുകളിലും അധിക്ഷേപ കമന്റുകൾ നിറയുകയാണ്.
വിദേശത്തിരുന്ന് സർക്കാരിനെ വിമർശിക്കരുതെന്ന തരത്തിലുള്ള പ്രതികരണങ്ങളും, മകളുടെ സിനിമ ബഹിഷ്കരിക്കുമെന്ന ഭീഷണികളും ചിലർ ഉയർത്തിയിട്ടുണ്ട്. നേരത്തെയുണ്ടായ സിനിമാ വിവാദങ്ങൾ ചൂണ്ടിക്കാട്ടിയുള്ള കമന്റുകളും പ്രചരിക്കുന്നുണ്ട്.
ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് കഴിഞ്ഞ ദിവസമാണ് വിസ്മയ മോഹൻലാൽ ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചത്. ഇതിന് പിന്നാലെ പോസ്റ്റിന് താഴെ നിരവധി അധിക്ഷേപ കമന്റുകൾ പ്രത്യക്ഷപ്പെട്ടു.
നടൻ കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങളും പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിരുന്നു. ഇവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെയും സമാനമായ സൈബർ അധിക്ഷേപങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.




