സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഇന്നും തുടരും. വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ നിലവിലെ നിയന്ത്രണങ്ങൾ തുടരേണ്ട സാഹചര്യമാണെന്ന് കെഎസ്ഇബി അറിയിച്ചു.
ഇന്നലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അരമണിക്കൂറിലധികം വൈദ്യുതി മുടക്കം അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വൈദ്യുതി ആവശ്യകത 400 മുതൽ 500 മെഗാവാട്ട് വരെ വർധിച്ചതാണ് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നത്. നിലവിലെ നിയന്ത്രണങ്ങൾ തുടർന്നാൽ മാത്രമേ സ്ഥിതി നിയന്ത്രിക്കാനാകൂവെന്നാണ് കെഎസ്ഇബിയുടെയും സർക്കാരിന്റെയും വിലയിരുത്തൽ.
പ്രതിസന്ധി മറികടക്കാൻ ആവശ്യമായ ഇടപെടലുകൾ തുടരുകയാണെന്നും ഉപഭോക്താക്കൾ വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം പാലിക്കണമെന്നും കെഎസ്ഇബി അഭ്യർഥിച്ചു. പുറത്തുനിന്ന് കൂടുതൽ വൈദ്യുതി വാങ്ങാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്. എന്നാൽ പവർ എക്സ്ചേഞ്ച് വഴി ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്തതിനെ തുടർന്നാണ് പീക്ക് സമയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം, പല സമയങ്ങളിലായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിനെതിരെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമാകുകയാണ്. വർധിച്ച വൈദ്യുതി ഉപയോഗം, ആഭ്യന്തര ഉൽപ്പാദനത്തിലെ കുറവ്, കടമായി വാങ്ങിയ വൈദ്യുതി തിരിച്ചുനൽകേണ്ട ബാധ്യത എന്നിവയാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളെന്ന് കെഎസ്ഇബിയും വൈദ്യുത വകുപ്പും അറിയിച്ചു.




