കേരള രാഷ്ട്രീയത്തിലെ നികത്താനാകാത്ത ശൂന്യത; ഉമ്മൻ ചാണ്ടിയുടെ വേർപാടിന് മൂന്നാണ്ട്

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിടവാങ്ങിയിട്ട് ഇന്ന് മൂന്ന് വർഷം. ജനങ്ങളുടെ പരാതികളും പ്രയാസങ്ങളും നേരിട്ട് കേട്ട്, അതിന് എത്രയും വേഗം പരിഹാരം കാണാൻ ജീവിതം മുഴുവൻ ശ്രമിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടി. അദ്ദേഹത്തിന്റെ വേർപാട് കേരള രാഷ്ട്രീയത്തിലും കോൺഗ്രസ് പ്രസ്ഥാനത്തിലും ഇന്നും നികത്താനാകാത്തൊരു ശൂന്യതയാണ്.

ആൾക്കൂട്ടമായിരുന്നു ഉമ്മൻ ചാണ്ടിയുടെ ഊർജം. സങ്കടങ്ങളുമായി എത്തുന്നവർക്ക് മുന്നിൽ അദ്ദേഹത്തിന്റെ വാതിൽ ഒരിക്കലും അടഞ്ഞിരുന്നില്ല. ചെവിയരികിൽ എത്തി സ്വന്തം വിഷമങ്ങൾ തുറന്ന് പറയാൻ ഒരാളുണ്ടെന്ന വിശ്വാസമാണ് ഉമ്മൻ ചാണ്ടിയെ കേരളത്തിന്റെ ഏറ്റവും ജനകീയ നേതാക്കളിലൊരാളാക്കി മാറ്റിയത്. പുതുപ്പള്ളിയുടെ സ്വന്തം “കുഞ്ഞൂഞ്ഞ്” ജനസമ്പർക്കം അവസാനിപ്പിച്ചിട്ട് ഇന്നേക്ക് മൂന്ന് വർഷം പിന്നിടുന്നു.

അയഞ്ഞ ഖദർ ഷർട്ടും, അലക്ഷ്യമായി കിടക്കുന്ന മുടിയും, എപ്പോഴും മുഖത്തുണ്ടായിരുന്ന സൗമ്യമായ പുഞ്ചിരിയും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ അടയാളങ്ങളായിരുന്നു. ഗുരുതരമായ രോഗാവസ്ഥയിലായിരുന്നപ്പോഴും തന്നെ കാണാനെത്തിയവരുടെ സങ്കടങ്ങൾ കേൾക്കാൻ അദ്ദേഹം സമയം കണ്ടെത്തി. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട പൊതുജീവിതത്തിനിടെ യുഡിഎഫ് കൺവീനർ, കെപിസിസി പ്രസിഡന്റ്, ആഭ്യന്തര-ധനകാര്യ മന്ത്രിസ്ഥാനങ്ങൾ, പ്രതിപക്ഷ നേതാവ്, കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം തുടങ്ങി നിരവധി സുപ്രധാന സ്ഥാനങ്ങൾ അലങ്കരിച്ച അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായി രണ്ട് തവണയും ജനവിധി നേടി.

അകമ്പടികളെയും ബാരിക്കേഡുകളെയും ജനങ്ങളോടുള്ള അടുപ്പംകൊണ്ട് മറികടന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടി. മനഃസാക്ഷിയെ രാഷ്ട്രീയത്തിന്റെ മാനദണ്ഡമാക്കിയ അദ്ദേഹം ജനസമ്പർക്ക പരിപാടികളിലൂടെ കരുണയുടെയും കരുതലിന്റെയും രാഷ്ട്രീയം കേരളത്തിന് മുന്നിൽ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ വേർപാടിന് പിന്നാലെ കേരളം കണ്ടത് അപൂർവമായൊരു ജനസാഗരമായിരുന്നു. അവസാനമായി പ്രിയനേതാവിനെ യാത്രയാക്കാൻ ആയിരങ്ങളാണ് വഴിയോരങ്ങളിൽ അണിനിരന്നത്.

ഇന്ന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ അദ്ദേഹത്തിന്റെ കബറിടത്തിൽ സങ്കടങ്ങൾ പങ്കുവെക്കാൻ സാധാരണക്കാർ ഇന്നും എത്തുന്നു. ജീവിച്ചിരിക്കുമ്പോൾ ജനങ്ങളുടെ കണ്ണീർ തുടച്ച നേതാവ്, മരണശേഷവും തങ്ങളുടെ പ്രാർത്ഥനകൾ കേൾക്കുമെന്ന വിശ്വാസമാണ് അവരെ അവിടേക്കെത്തിക്കുന്നത്. ഒരു ജനനേതാവിന് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം അതുതന്നെയാണ്. ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന, ജനങ്ങളുടെ സ്വന്തം ഉമ്മൻ ചാണ്ടിയെ കേരളം ആദരവോടെയും സ്നേഹത്തോടെയും ഓർക്കുകയാണ്.

spot_img

Related news

‘വിരൽത്തുമ്പിലാണ് അടി കൊണ്ടത്, അസഹ്യമായ വേദന’; കഞ്ചിക്കോട് സ്കൂളിൽ അധ്യാപകന്റെ അതിക്രമം, വാളയാർ പൊലീസ് കേസെടുത്തു

പാലക്കാട്: പിടി പീരിഡിൽ കളിക്കാൻ പോയതിന്റെ പേരിൽ അധ്യാപകൻ മർദിച്ചെന്ന പരാതിയുമായി...

കോഴിക്കോട്ട് ജിംനേഷ്യത്തിന്റെ മറവിൽ ലഹരി കച്ചവടം; ‘ഓപ്പറേഷൻ തൂഫാനിൽ’ പൂട്ടുവീണു, 200 ഗ്രാമിലധികം എംഡിഎംഎ പിടികൂടി

കോഴിക്കോട്: പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം. 200 ഗ്രാമിലധികം എംഡിഎംഎ...

കെഎസ്ആർടിസി ബസിൽ ലൈംഗിക അതിക്രമം; ജീവനക്കാരൻ ഇറങ്ങിയോടി, ഓടിച്ചിട്ട് പിടിച്ച് ഡ്രൈവർ!

ആലപ്പുഴ: കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം. സംഭവത്തിൽ കെഎസ്ആർടിസി...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; പ്രതിസന്ധി രൂക്ഷമെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഇന്നും തുടരും. വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ...