പാലക്കാട്: മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിനിടെ വിദ്യാർഥികളോട് മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീൽ നടത്തിയ പരാമർശങ്ങളും പെരുമാറ്റവും വിവാദത്തിൽ.
ചടങ്ങിൽ പങ്കെടുത്ത ചില കുട്ടികളോട് അക്ഷരമറിയില്ലേയെന്ന് ചോദിക്കുകയും, വിലാസം തെറ്റായി എഴുതിയെന്ന കാര്യം ചൂണ്ടിക്കാട്ടി ഒരു കുട്ടിയെ വേദിയിലേക്ക് വിളിച്ചുവരുത്തി ചെവിയിൽ നുള്ളുകയും ചെയ്തതായി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മണ്ണാർക്കാട് നഗരസഭയിലെ 19, 20, 22 വാർഡുകളുടെ വിജയോത്സവ പരിപാടിയിലായിരുന്നു സംഭവം. ചടങ്ങ് ഉദ്ഘാടനം ചെയ്യാനാണ് കെ.ടി. ജലീൽ എത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിമർശനങ്ങളും ഉയരുന്നുണ്ട്. വിഷയത്തിൽ കെ.ടി. ജലീലിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.




