പാലക്കാട്: പോത്തുണ്ടി ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്. പോത്തുണ്ടി ബോയൻ നഗർ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷ പ്രഖ്യാപിക്കുക.
ജൂലൈ ആറിന് വിധി പറയാനിരുന്നതെങ്കിലും ജഡ്ജിയുടെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അത് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. കേസിലെ അന്തിമവാദം ജൂൺ മുപ്പതിനാണ് പൂർത്തിയായത്.
2025 ജനുവരി 27-നാണ് സുധാകരനെയും അമ്മ ലക്ഷ്മിയെയും അയൽവാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇരട്ടക്കൊല നടന്നത്. കുടുംബം തകരാൻ കാരണം സുധാകരനാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ.
സജിത കൊലക്കേസിൽ ചെന്താമരയ്ക്ക് നേരത്തെ ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് നടന്ന ഇരട്ടക്കൊലക്കേസിൽ 82 സാക്ഷികളെ കോടതി വിസ്തരിച്ചു. എല്ലാ തെളിവുകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും പ്രതിക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്നുമാണ് പ്രോസിക്യൂഷന്റെ പ്രതീക്ഷ.
അതേസമയം, പ്രതിക്ക് കടുത്ത ശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട സുധാകരന്റെ കുടുംബവും ആവശ്യപ്പെട്ടിട്ടുണ്ട്.




