തൃശൂർ: തളിക്കുളം സ്‌നേഹതീരം പാർക്കിന് സമീപം കടലിൽ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശി മുങ്ങിമരിച്ചു. കോയമ്പത്തൂർ സ്വദേശി തമിളകൻ, 27, ആണ് മരിച്ചത്.
കോയമ്പത്തൂരിൽ നിന്ന് ബൈക്കുകളിൽ കടൽ കാണാനെത്തിയ പതിമൂന്നംഗ സംഘത്തിലെ അംഗമായിരുന്നു തമിളകൻ. ഉച്ചയോടെ സംഘത്തിലെ നാല് പേർ കടലിൽ കുളിക്കാനിറങ്ങിയപ്പോഴാണ് തീരക്കടലിലെ ശക്തമായ അടിയൊഴുക്കിൽപ്പെട്ട് യുവാവ് മുങ്ങിപ്പോയത്.
വിവരമറിഞ്ഞ് വാടാനപ്പള്ളി പൊലീസും അഗ്‌നിരക്ഷാസേനയും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെരച്ചിൽ നടത്തി. അഴിക്കോട് തീരദേശ പൊലീസിന്റെ ബോട്ടുപയോഗിച്ചുള്ള തെരച്ചിലിനിടെ വൈകീട്ടോടെ അപകടസ്ഥലത്തുനിന്ന് തെക്കുഭാഗത്തായി മൃതദേഹം കണ്ടെത്തി.
തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മുന്നറിയിപ്പുകൾ അവഗണിച്ച് കടലിന്റെ സ്വഭാവം അറിയാതെ വെള്ളത്തിലിറങ്ങുന്നതാണ് ഇത്തരം അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.




