തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് റിപ്പോർട്ട്. കൂടുതൽ വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ ശ്രമങ്ങൾ ഫലപ്രദമാകാത്ത സാഹചര്യത്തിലാണ് പ്രതിസന്ധി തുടരുന്നത്.
മഴ ശക്തമാകാത്ത പക്ഷം വരും ദിവസങ്ങളിൽ വൈദ്യുതി പ്രതിസന്ധി കൂടുതൽ രൂക്ഷമാകാനിടയുണ്ടെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള അനുമതി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ കെഎസ്ഇബിക്ക് നൽകിയിട്ടുണ്ട്. ജൂലൈ മുതൽ ഡിസംബർ വരെ, സെപ്റ്റംബർ ഒഴികെ, ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ കഴിയും എന്നതാണ് ഉത്തരവിലെ വ്യവസ്ഥ.
അതേസമയം, വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട വിവരങ്ങൾ സമർപ്പിക്കാത്തതിൽ കെഎസ്ഇബിക്കെതിരെ കമ്മീഷൻ വിമർശനം ഉന്നയിച്ചിട്ടുണ്ട്. പവർ എക്സ്ചേഞ്ച് ഉൾപ്പെടെയുള്ള വിവിധ സ്രോതസ്സുകളിൽ നിന്ന് വാങ്ങിയ വൈദ്യുതിയുടെ വിശദാംശങ്ങൾ നൽകിയില്ലെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങിനെതിരെയും കമ്മീഷൻ വിമർശനം രേഖപ്പെടുത്തി.
ലോഡ് ഷെഡ്ഡിംഗ് ഉണ്ടാകുമ്പോൾ ഉപഭോക്താക്കളെ കുറഞ്ഞത് ഒരു മണിക്കൂർ മുമ്പെങ്കിലും അറിയിക്കണമെന്ന നിർദ്ദേശവും കമ്മീഷൻ നൽകി. മൺസൂൺ ശക്തിയാകുന്ന സാഹചര്യത്തിൽ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന്റെ ബാധ്യത കുറയ്ക്കാൻ കെഎസ്ഇബി ശ്രമിക്കണമെന്നും നിർദ്ദേശമുണ്ട്.
ഇതിനിടെ, ഈ വർഷം ജൂൺ മാസത്തിൽ വൈദ്യുതി ഉപഭോഗവും പീക്ക് ആവശ്യകതയും ഗണ്യമായി വർധിച്ചതായി കെഎസ്ഇബി അറിയിച്ചു. രാത്രി വൈകിയും നടക്കുന്ന ഫുട്ബോൾ ലോകകപ്പ് കാണുന്നതിനാൽ രാത്രികാല ഉപഭോഗം ഉയർന്നതായും വിലയിരുത്തുന്നു.
കാലവർഷം കുറഞ്ഞതിനെ തുടർന്ന് സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നിലവിൽ സംഭരണ ശേഷിയുടെ 20.89 ശതമാനം മാത്രമാണ് വെള്ളം ഉള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 58.58 ശതമാനം ആയിരുന്നുവെന്നും കെഎസ്ഇബി വ്യക്തമാക്കുന്നു.




