ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്.
ക്രമക്കേടിൽ തനിക്ക് പങ്കില്ലെന്ന് ചമ്പത് റായി അന്വേഷണ സംഘത്തിന് മൊഴി നൽകിയതായി വിവരം. സംഭവത്തെ കുറിച്ച് അറിഞ്ഞ ഉടൻ തന്നെ അന്വേഷണം നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൊലീസിൽ പരാതി നൽകാൻ വൈകിയത് തെറ്റായിപ്പോയി എന്നും മൊഴിയിൽ വ്യക്തമാക്കിയതായി റിപ്പോർട്ടുണ്ട്.
താൻ വ്യക്തിപരമായി പ്രത്യേക അന്വേഷണ സംഘത്തെ (SIT) സമീപിച്ചിരുന്നുവെന്നും, തന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും ചമ്പത് റായി വ്യക്തമാക്കി. ക്ഷേത്ര മാനേജ്മെന്റുമായി ബന്ധപ്പെട്ട ടിന്നു യാദവ് ഏറെ കാലമായി പ്രവർത്തിച്ചിരുന്നുവെന്നും, അദ്ദേഹം തെറ്റ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും മൊഴിയിൽ പറയുന്നു.
ക്ഷേത്രത്തിലെ നിയമനങ്ങൾ ഒറ്റയ്ക്ക് നടന്നതല്ലെന്നും ട്രസ്റ്റിന്റെ അറിവോടെയാണെന്നും ചമ്പത് റായി വിശദീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുമണിക്കൂറോളം പ്രത്യേക അന്വേഷണ സംഘം അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
അതേസമയം, കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. പ്രതികൾ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇതിനിടെ, ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായെ പൊലീസ് കരുതൽ തടങ്കലിൽ എടുത്തു. രാമക്ഷേത്ര സന്ദർശനത്തിനായി കോൺഗ്രസ് സംഘം എത്താനിരിക്കെയാണ് നടപടി.




