സംസ്ഥാനത്ത് വാഹന മോഡിഫിക്കേഷനിൽ കൂടുതൽ ഇളവുകൾ അനുവദിക്കില്ലെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ വ്യക്തമാക്കി. വാഹനങ്ങളിൽ നിന്ന് അമിതമായ വെളിച്ചവും ശബ്ദവും പുറത്തേക്ക് വരുന്ന തരത്തിലുള്ള മാറ്റങ്ങൾ അനുവദിക്കാനാകില്ലെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു.
അപകടകരമല്ലാത്ത കളർ കോഡുകളും ഫിറ്റിംഗ്സുകളും സംബന്ധിച്ച് പ്രശ്നമില്ലെന്നും, വാഹന മോഡിഫിക്കേഷനിൽ കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളാണ് ബാധകമെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിൽ വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് നിലവിൽ കർശന നിയമങ്ങളാണ് പ്രാബല്യത്തിലുള്ളത്. നിയമവിരുദ്ധമായ മാറ്റങ്ങൾ വരുത്തുന്നവർക്ക് പിഴയും മറ്റ് നിയമനടപടികളും നേരിടേണ്ടി വരും. ഇത്തരം വാഹനങ്ങളുടെ ഇൻഷുറൻസ് ക്ലെയിമുകൾ പോലും നിരസിക്കപ്പെടാൻ സാധ്യതയുണ്ട്.
അതേസമയം, അനുമതിയില്ലാതെ അനുവദിക്കാവുന്ന ചില സ്റ്റാൻഡേർഡ് മോഡിഫിക്കേഷനുകളെക്കുറിച്ച് മോട്ടോർ വാഹന വകുപ്പ് പഠനം തുടരുകയാണ്. വാഹനങ്ങളിൽ 18 തരത്തിലുള്ള സ്റ്റാൻഡേർഡ് ഉപകരണങ്ങൾ മുൻകൂർ അനുമതിയില്ലാതെ ഘടിപ്പിക്കാൻ അനുവദിക്കാമെന്നാണ് വകുപ്പിന്റെ റിപ്പോർട്ട്.
സീറ്റ് കവറുകൾ, ഫ്ലോർ മാറ്റുകൾ, ഡോർ വൈസറുകൾ, മഡ് ഫ്ലാപ്പുകൾ, അശ്ലീലമല്ലാത്ത ബോഡി സ്റ്റിക്കറുകൾ എന്നിവയ്ക്ക് നിലവിൽ നിയമതടസമില്ല. കൂടാതെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്പീക്കറുകൾ, ഡാഷ് ക്യാമറ, റിവേഴ്സ് ക്യാമറ, പാർക്കിംഗ് സെൻസറുകൾ, ജിപിഎസ്, റൂഫ് കാരിയറുകൾ, നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന സൺ ഫിലിമുകൾ എന്നിവയും അനുവദനീയമായ ഉപകരണങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
വാഹനങ്ങളുടെ സുരക്ഷയെയും മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷയെയും ബാധിക്കുന്ന തരത്തിലുള്ള മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടി തുടരുമെന്നും ഗതാഗത വകുപ്പ് അറിയിച്ചു.




