പാലക്കാട്: മലപ്പുറം, പാലക്കാട് ജില്ലകളിൽ പ്ലസ് വണ്ണിന് അധിക സീറ്റും ബാച്ചും അനുവദിക്കുമെന്ന് വിദ്യഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. മൂന്നാം അലോട്ട്മെന്‍റിന് ശേഷം പാലക്കാട് മലപ്പുറത്തും സീറ്റ് ക്ഷാമം ഉണ്ടായേക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിനുള്ള പരിഹാര നടപടികൾ ഉടൻ നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് വിദ്യാർഥി ചാരായം സ്കൂളിലേക്ക് കൊണ്ടുവന്ന സംഭവം നടക്കാൻ പാടില്ലാത്തതാണ്. വിദ്യാർത്ഥികളുടെ ബാഗുകൾ പരിശോധിക്കാൻ അധ്യാപകർക്ക് സ്വാതന്ത്ര്യം നൽകുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ചീത്ത പറഞ്ഞും, ശിക്ഷിച്ചും വിദ്യാർത്ഥികളെ തിരുത്താൻ കഴിയില്ല. അധ്യാപകർക്ക് വിദ്യാർത്ഥികളെ പരിശോധിക്കാൻ അനുമതി നൽകിയാൽ അത് ദുരുപയോഗം ചെയ്തേക്കും, അതിനാൽ ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. കഴിഞ്ഞ സർക്കാരാണ് പി എം ശ്രീ യിൽ ഒപ്പിട്ടതെന്നും ഇതിന്‍റെ ജാള്യത മറക്കാനാണ് പ്രതിപക്ഷത്തിന്‍റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. പി എം ശ്രീ കരാർ റദ്ധാക്കാൻ കോടതിയെ സമീപിക്കണമോയെന്നത് മന്ത്രിസഭാ ഉപസമിതി തീരുമാനിക്കുമെന്നും ഷംസുദ്ദീൻ അറിയിച്ചു. കേന്ദ്ര സർക്കാരിന് ഏകപക്ഷീയമായി എല്ലാ അവകാശങ്ങളും നൽകുന്ന തരത്തിലുള്ള ഒരു കരാറിലാണ് മുൻ സർക്കാർ ഒപ്പുവെച്ചിരിക്കുന്നതെന്ന് മന്ത്രി ആരോപിച്ചു. നിലവിലെ സാഹചര്യത്തിൽ ഈ കരാർ റദ്ദാക്കാനുള്ള യാതൊരു നിബന്ധനകളുമില്ല- മന്ത്രി പറഞ്ഞു.




