ലേണേഴ്സ് ലൈസൻസ് പരീക്ഷ എഴുതാനെത്തിയ യുവതിക്ക് പിഴ. പാലക്കാട് ആലത്തൂരിൽ ലൈസൻസില്ലാതെ ഇരുചക്രവാഹനം ഓടിച്ച് പരീക്ഷാകേന്ദ്രത്തിലെത്തിയ യുവതിയെയും വാഹന ഉടമയായ ഭർത്താവിനെയും മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി.
പാലക്കാട് ആലത്തൂർ സബ് ആർടിഒ ഓഫീസിലാണ് സംഭവം. ലേണേഴ്സ് ലൈസൻസിനുള്ള പരീക്ഷ എഴുതാനെത്തിയ യുവതി, ലൈസൻസ് ഇല്ലാതെ ഇരുചക്രവാഹനം ഓടിച്ചാണ് ഓഫീസിലെത്തിയത്.
പരീക്ഷാകേന്ദ്രത്തിലേക്ക് യുവതി വാഹനം ഓടിച്ചുവരുന്നത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി. തുടർന്ന് നടത്തിയ പരിശോധനയിൽ യുവതിക്ക് ഡ്രൈവിങ് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തി.
ഇതോടെ ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് യുവതിക്കെതിരെ നടപടിയെടുത്തു. കൂടാതെ ലൈസൻസില്ലാത്ത വ്യക്തിക്ക് വാഹനം ഓടിക്കാൻ നൽകിയതിന് വാഹന ഉടമയായ ഭർത്താവിനുമെതിരെ കേസെടുത്തു.
1988-ലെ മോട്ടോർ വാഹന നിയമത്തിലെ 181-ാം വകുപ്പ് പ്രകാരം യുവതിക്കും 180-ാം വകുപ്പ് പ്രകാരം ഭർത്താവിനും 5000 രൂപ വീതമാണ് പിഴ ചുമത്തിയത്.
നിയമങ്ങൾ പാലിക്കാതെ വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.




