മലപ്പുറം: കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണം പൊട്ടിക്കൽ (സ്വർണം തട്ടിയെടുക്കൽ) കേസിൽ വൻ വഴിത്തിരിവ്. വിമാനത്താവളത്തിൽ നിന്നും കാണാതായതായി ബന്ധുക്കൾ പരാതി നൽകിയ മലപ്പുറം മുണ്ടുപറമ്പ് സ്വദേശി മുഹമ്മദ് സൽമാൻ സാലിഹാണ് സ്വർണം കടത്തിയതെന്ന് പൊലീസ് കണ്ടെത്തി. കേസിൽ സൽമാനെയും ഇയാളുടെ കൂട്ടാളി പരപ്പനങ്ങാടി സ്വദേശി സാദിഖിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂരിലെ കുപ്രസിദ്ധ സ്വർണം പൊട്ടിക്കൽ നേതാവ് അർജുൻ ആയങ്കിയുടെ കൂട്ടാളികളാണ് ഈ സ്വർണം തട്ടിയെടുക്കാൻ ലക്ഷ്യമിട്ടിരുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. യഥാർത്ഥ ഉടമയ്ക്ക് സ്വർണം കൈമാറാതെ, അർജുൻ ആയങ്കിയുടെ കൂട്ടാളിയായ അഭിജിത്ത് എന്നയാൾക്ക് സ്വർണം നൽകാൻ സൽമാൻ ആദ്യം തീരുമാനിച്ചിരുന്നു. ഇതിനായി 40 ലക്ഷം രൂപയാണ് അഭിജിത്ത് സൽമാന് ഓഫർ ചെയ്തിരുന്നത്. എന്നാൽ അവസാന നിമിഷം സൽമാൻ കളംമാറ്റി ചവിട്ടി. അർജുൻ ആയങ്കിയുടെ സംഘത്തിന് സ്വർണം നൽകാതെ, പരപ്പനങ്ങാടി സ്വദേശി സാദിഖ് നിർദ്ദേശിച്ച നിലമ്പൂർ സ്വദേശി ഷബീക്കിനാണ് സൽമാൻ സ്വർണം കൈമാറിയത്. തുടർന്ന് ഇവർ എറണാകുളത്തെ ഒരു ലോഡ്ജ് മുറിയിൽ വെച്ച് ട്രോളി ബാഗ് കുത്തിപ്പൊട്ടിച്ച് അതിനകത്തുണ്ടായിരുന്ന സ്വർണം പരസ്പരം പങ്കിട്ടെടുക്കുകയായിരുന്നു. കടത്തിക്കൊണ്ടുവന്ന കള്ളക്കടത്ത് സ്വർണ്ണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ പോലീസ്.
കഴിഞ്ഞ ഞായറാഴ്ചയാണ് കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് അസ്വാഭാവിക പെരുമാറ്റം കണ്ടതിനെ തുടർന്ന് ഒരു സംഘത്തെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ഇതേ ദിവസം തന്നെയാണ് വിമാനത്താവളത്തിൽ എത്തിയ സൽമാൻ സാലിഹിനെ കാണാതാകുന്നതും. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സ്വർണ്ണക്കടത്ത് കഥ പുറത്തുവന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണം പൊട്ടിക്കൽ സംഘങ്ങൾ വീണ്ടും സജീവമായിരിക്കുന്നത്. നിലവിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവയും ജിഎസ്ടിയും വർദ്ധിപ്പിച്ച സാഹചര്യത്തിൽ, ഗൾഫിൽ നിന്ന് നിയമവിരുദ്ധമായി സ്വർണം നാട്ടിലെത്തിക്കുന്നത് വൻ ലാഭകരമാണ്. ഇതാണ് സ്വർണ്ണക്കടത്ത് സംഘങ്ങളും അവരെ വെട്ടിച്ച് സ്വർണം തട്ടിയെടുക്കുന്ന പൊട്ടിക്കൽ സംഘങ്ങളും ഒരേപോലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് സജീവമാകാൻ കാരണമെന്ന് പോലീസ് വ്യക്തമാക്കുന്നു.




