റായ്ഗഡ്: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണ് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ക്ക് ദാരുണാന്ത്യം. മുംബൈ സ്വദേശിയായ ആന്‍വി കംധര്‍ (26) ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ റായ്ഗഡിലെ കുംഭെ വെള്ളച്ചാട്ടം കാണാനെത്തിയ യുവതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ജൂലൈ 16 ന് ഏഴ് സുഹൃത്തുക്കളോടൊപ്പം വെള്ളച്ചാട്ടം കാണാന്‍ എത്തിയതായിരുന്നു യുവതി.
ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. റീല്‍ ചിത്രീകരിക്കുന്നതിനിടെ കാല്‍ തെന്നി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. സംഭവമറിഞ്ഞ് എത്തിയ രക്ഷാപ്രവര്‍ത്തകര്‍ ആറ് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആന്‍വിയെ പുറത്തെത്തിച്ചത്. 300 അടി താഴ്ചയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.