ഇടുക്കി മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടി തുടങ്ങി. തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള റവന്യു ദൗത്യ സംഘം ആനയിറങ്കല്‍ ചിന്നക്കനാല്‍ മേഖലയിലെ കൈയേറ്റം നടന്ന അഞ്ച് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ഒഴിപ്പിച്ചു. അടിമാലി സ്വദേശി റ്റിജു കുര്യക്കോസ് കൈയേറി ഏല കൃഷി ചെയ്ത 5.55 ഏക്കര്‍ സ്ഥലമാണ് രാവിലെ ഒഴിപ്പിച്ചത്. കയ്യേറ്റ ഭൂമിയില്‍ ദൗത്യസംഘം സര്‍ക്കാര്‍ ഭൂമിയാണെന്ന് സൂചിപ്പിക്കുന്ന ബോര്‍ഡ് സ്ഥാപിച്ചു. സ്ഥലത്തെ കെട്ടിടങ്ങളും ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തു.
ഹൈക്കോടതി ഉത്തരവിന് പിന്നാലേ സംസ്ഥാന സര്‍ക്കാര്‍ പുതിയ മൂന്നാര്‍ ദൗത്യത്തിനായി സംഘത്തെ രുപികരിക്കുകയും നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഒഴുപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി കൃഷി വെട്ടി നശിപ്പിച്ചിട്ടില്ല. ആദായം എടുക്കുന്നതിന് ലേലം ചെയ്തു നല്‍കാന്‍ ശുപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് ഇടുക്കി കളക്ടര്‍ക് കൈമാറും. ഒഴിപ്പിച്ച ഭൂമിയില്‍ ഉണ്ടായിരുന്ന കെട്ടിടം സീല്‍ ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്.
എന്നാല്‍, ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയിട്ടും പട്ടയം ഇല്ലാത്തതിനാല്‍ അധികൃതര്‍ മുഖവിലയ്‌ക്കെടുത്തില്ലെന്ന് റ്റിജു പ്രതികരിച്ചു. ഇടുക്കിയിലെ വന്‍ കിട കൈയേറ്റങ്ങള്‍ മറച്ചു വെയ്ക്കുന്നതിനെയാണ് റവന്യൂ വകുപ്പ് കുടിയേറ്റ കര്‍ഷക ഭൂമി പിടിച്ചെടുക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. അര നൂറ്റാണ്ടിലധികമായി കൃഷി ചെയ്തു വരുന്ന ഭൂമിയാണ് നിലവില്‍ പിടിച്ചെടുത്തത്. ചിന്നക്കനാലില്‍ അടക്കം അനധികൃത നിര്‍മാണങ്ങള്‍ കാണാതെ കര്‍ഷകനെ കുടിയിറക്കുകയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ചെറുകിട കുടിയേറ്റക്കാര്‍ക്കും റവന്യു വകുപ്പ് നോട്ടീസ് നല്‍കിയെന്ന് അവര്‍ ആരോപിച്ചു.
വന്‍കിട കൈയേറ്റങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. കയ്യേറ്റവും കുടിയേറ്റവും രണ്ടാണ്. അഞ്ച് സെന്റില്‍ കുറവുള്ളവരെ ഒഴിപ്പിക്കലല്ല ലക്ഷ്യമെന്നും മന്ത്രി കെ രാജന്‍ വ്യക്തമാക്കി. മൂന്നാര്‍ ദൗത്യത്തിന് മുന്‍ മാതൃകകളില്ല. മണ്ണുമാന്തിയന്ത്രങ്ങളും കരിമ്പൂച്ചകളും മുഖമുദ്രയെന്ന് തെറ്റിദ്ധരിക്കേണ്ട. സിനിമാറ്റിക് നടപടി പ്രതീക്ഷിക്കരുതെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.
മൂന്നാര്‍ മേഖലയില്‍ 310 കയ്യേറ്റങ്ങള്‍ ഉണ്ടെന്നാണ് റവന്യൂ വകുപ്പ് കോടതിയില്‍ റിപ്പോര്ട്ട് നല്‍കിയിരിക്കുന്നത്. ഇതില്‍ ഉള്‍പ്പെട്ടതാണ് നിലവില്‍ ഒഴുപ്പിച്ച ഭൂമി. 57 അനധികൃത നിര്‍മാണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ സി പി എം പാര്‍ട്ടി ഓഫീസുകള്‍ അടക്കം ഉള്‍പെടും. ഇത്തരം നിര്‍മ്മാണങ്ങള്‍ക്കെതിരെ നടപടി സ്വികരിയ്ക്കുമോ എന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും. എന്നാല്‍ കര്‍ഷക ഭൂമി മാത്രം പിടിച്ചെടുക്കാനുള്ള നടപടികളാണെങ്കില്‍ മേഖലയില്‍ വന്‍ പ്രതിഷേധം ഉയരും