കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന് സൂചന. തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിച്ച പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും നൽകാനാണ് പാർട്ടി ദേശീയ നേതൃത്വം ആലോചിക്കുന്നത്. നിശ്ചിത കാലയളവിനു ശേഷം ശിവകുമാറിനു മുഖ്യമന്ത്രി പദം കൈമാറുക എന്ന ഫോർമുലയാണ് സജീവ ചർച്ചയിലുള്ളത്.
എന്നാൽ ഇത് മധ്യപ്രദേശിലെയും രാജസ്ഥാനിലെയും അവസ്ഥയിലേക്ക് കർണാടക കോൺഗ്രസിനെ നയിക്കുമോ എന്ന ആശങ്കയും ശക്തമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ പാർട്ടിയെ നയിച്ച ജ്യോതിരാദിത്യ സിന്ധ്യയെയും രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെയും തഴഞ്ഞ് മുതിർന്ന നേതാക്കളായ കമൽനാഥിനെയും അശോക് ഗെഹ്ലോത്തിനെയുമാണ് മുഖ്യമന്ത്രിമാരാക്കിയത്. സിന്ധ്യ പിന്നീട് പാർട്ടി വിട്ടെങ്കിൽ, പൈലറ്റ് നിരന്തരം പാർട്ടിയുമായി പോരിലാണ്.
മികച്ച സംഘാടകനാണ് ഡി.കെ. ശിവകുമാർ. ഭരണം നഷ്ടമായാൽ സംഘടനാ സംവിധാനവും ദുർബലമാകുന്ന കോൺഗ്രസിനെ ശക്തമായ അടിത്തറയുള്ള പാർട്ടിയായി കഴിഞ്ഞ നാലു വർഷം നിലനിർത്തിയത് ശിവകുമാറിന്റെ തന്ത്രങ്ങളാണ്. ജെഡിഎസിനൊപ്പമായിരുന്ന വൊക്കലിഗ വോട്ട് കോൺഗ്രസിലേക്കെത്തിച്ചതിനു പിന്നിലും അതേ സമുദായത്തിൽ നിന്നുള്ള ശിവകുമാർ കാരണമായി.
അതേസമയം, കർണാടകയിൽ ബി.എസ്. യെദിയൂരപ്പ ബിജെപിക്ക് എങ്ങനെയാണോ അതുപോലെയാണ് കോൺഗ്രസിന് സിദ്ധരാമയ്യ. സിദ്ദുവെന്ന് അണികൾ വിളിക്കുന്ന സിദ്ധരാമയ്യയുടെ ഒരു ചിരി മതി ആളുകളെ ആകർഷിക്കാൻ.
ഇരുവരും മുഖ്യമന്ത്രി സ്ഥാനത്തോടുള്ള താത്പര്യം മുൻപേ പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്നലെ കർണാടക വിജയത്തെക്കുറിച്ചു പറഞ്ഞ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദ്രയും മല്ലികാർജുൻ ഖാർഗെയുമടക്കം നേതാക്കൾ സിദ്ധരാമയ്യയുടെയും ശിവകുമാറിന്റെയും പേര് പ്രത്യേകം പരാമർശിക്കാൻ മറന്നില്ല.
ഇവരിൽ ഒരാളെ മാത്രമായി നേതൃത്വത്തിലേക്കു പരിഗണിച്ചാൽ ഭാവിയിൽ പ്രശ്നങ്ങളുണ്ടായേക്കുമെന്നു നേതൃത്വത്തിന് ബോധ്യമുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനം പങ്കിട്ടേക്കുമെന്നാണു റിപ്പോർട്ട്. ആദ്യ രണ്ടര വർഷം സിദ്ധരാമയ്യയ്ക്കും പിന്നീടുള്ള രണ്ടര വർഷം ശിവകുമാറിനും. ഇതു തന്റെ അവസാന തെരഞ്ഞെടുപ്പാണെന്നാണ് സിദ്ധരാമയ്യയുടെ പ്രഖ്യാപനം. അക്കാര്യം പരിഗണിച്ചാകും ആദ്യ ടേം നൽകുക. ഈ സമയം ശിവകുമാറിനെ കൂടാതെ ലിഗായത്ത് വിഭാഗത്തിൽ നിന്നുള്ള ഒരു നേതാവിനെ കൂടി ഉപമുഖ്യമന്ത്രിയാക്കുമെന്നും റിപ്പോർട്ടുണ്ട്.
അതേസമയം, തന്റെ അച്ഛനാണ് മുഖ്യമന്ത്രി സ്ഥാനത്തിനു യോഗ്യതയെന്ന് മകൻ യതീന്ദ്ര ഇന്നലെ നടത്തിയ പ്രഖ്യാപനം പാർട്ടിയിൽ അസ്വാരസ്യമുണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡാണെന്ന് അപ്പോൾത്തന്നെ ശിവകുമാർ മറുപടി നൽകി.
പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഞായറാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് ബംഗളൂരുവിൽ ചേരും. എന്നാൽ, അപ്പോൾത്തന്നെ പ്രഖ്യാപനമുണ്ടാകുമോ എന്നു വ്യക്തമല്ല. ദേശീയ നേതൃത്വവുമായി ചർച്ച ചെയ്തശേഷമായിരിക്കും പ്രഖ്യാപനമെന്നാണ് സൂചന.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുമായി ശനിയാഴ്ച വൈകിട്ട് ദേശീയ നേതൃത്വം ബംഗളൂരുവിലെ ഹോട്ടലിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് എംഎൽഎമാരുടെ അഭിപ്രായം തേടിയതായാണു സൂചന.