പേരാമ്പ്രയില്‍ ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫാവശ്യപ്പെട്ട് സൂപ്പര്‍മാര്‍ക്കറ്റില്‍ കയറി ആക്രമണം നടത്തിയ ആര്‍എസ്എസുകാര്‍ക്ക് പിന്തുണയുമായി പ്രകോപന-വിദ്വേഷ മുദ്രാവാക്യം മുഴക്കി ബിജെപി റാലി. ഇന്നലെ പേരാമ്പ്ര ടൗണിലൂടെയായിരുന്നു നൂറു കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ പൊലീസ് സാന്നിധ്യത്തില്‍ മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷ- പ്രകോപന മുദ്രാവാക്യം വിളിച്ചത്. എന്നാല്‍ ഇതിനെതിരെ കേസെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല.
പ്രകടനത്തിന് പിന്നാലെ പൊലീസും നടക്കുന്നുണ്ടെങ്കിലും വിദ്വേഷ-പ്രകോപന മുദ്രാവാക്യങ്ങള്‍ വിളിച്ച ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ ഇതുവരെ തയാറാവാത്തത് വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. പൊലീസ് ബിജെപിക്കാരെ സംരക്ഷിക്കുകയാണെന്നാണ് ആരോപണം.
കഴിഞ്ഞദിവസമായിരുന്നു പേരാമ്പ്രയിലെ ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ആയുധങ്ങളുമായതെത്തിയ ആര്‍എസ്എസുകാര്‍ ആക്രമണം നടത്തിയത്. നാലു പേരടങ്ങുന്ന സംഘമെത്തി ഹലാല്‍ സ്റ്റിക്കറുള്ള ബീഫുണ്ടോയെന്ന് ചോദിച്ചു. ഇവിടെ ബീഫ് സൂക്ഷിച്ചിരുന്ന ഫ്രീസറിനു മുകളില്‍ ഹലാല്‍ സ്റ്റിക്കര്‍ പതിച്ചിരുന്നു. ഉണ്ടെന്നു പറഞ്ഞപ്പോള്‍ ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് നല്‍കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ജീവനക്കാരെ മര്‍ദിക്കുകയായിരുന്നു. അക്രമികള്‍ വാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ് സൂപ്പര്‍മാര്‍ക്കറ്റിലെത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.