മലപ്പുറം ചങ്ങരംകുളത്ത് പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ച യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. എരമംഗലം സ്വദേശി വാരിപുള്ളിയില്‍ ജുനൈസിനെയാണ് അന്വേഷണ സംഘം നാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ പിടികൂടിയത്.
ഏപ്രില്‍ 19നാണ് ചങ്ങരംകുളം സ്റ്റേഷന്‍ പരിതിയിലുള്ള 22 വയസുള്ള പെണ്‍കുട്ടിയെ സഹപാഠിയായ ജുനൈസ് പ്രണയം നടിച്ച് ലോഡ്ജില്‍ എത്തിച്ച് മദ്യം നല്‍കി പീഡിപ്പിച്ചത്. പീഡനദൃശ്യം മൊബൈലില്‍ പകര്‍ത്തിയ യുവാവ് പീഡനദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയുടെ സ്വര്‍ണ്ണാഭരണവും കവര്‍ന്നെടുത്തു. പിന്നീട് ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവായ യുവതിക്ക് അയച്ച് കൊടുത്ത് ഭീഷണി തുടര്‍ന്നു.
ബന്ധുവായ യുവതിയോട് തനിക്ക് വഴങ്ങണമെന്നും ഇല്ലെങ്കില്‍ പീഡന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. ഭീഷണി തുടര്‍ന്നതോടെ ബന്ധുക്കള്‍ ചങ്ങരംകുളം പൊലീസിന് പരാതി നല്‍കുകയായിരുന്നു. പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാടകീയമായാണ് എടപ്പാളില്‍ വച്ച് കാര്‍ തടഞ്ഞ് അറസ്റ്റ് ചെയ്തത്.
പീഡനം നടന്ന ലോഡ്ജില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതിയുടെ മൊബൈലും പ്രതി സഞ്ചരിച്ച കാറും അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാള്‍ ഇത്തരത്തില്‍ മറ്റു പെണ്‍കുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നതെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.