തിരുവനന്തപുരം: കോടഞ്ചേരിയിലെ വിവാഹപ്രശ്‌നത്തില്‍ സിപിഎമ്മിനെതിരെ സഭയുടെ മുഖപത്രം ദീപിക. കോടഞ്ചേരി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ എന്ന തലക്കെട്ടിലാണ് എഡിറ്റോറിയല്‍. മുസ്ലീം യുവാക്കള്‍ ഉള്‍പ്പെടുന്ന മിശ്രവിവാഹം ആശങ്ക ഉയര്‍ത്തുന്നതാണ്. മുസ്ലീം യുവാക്കള്‍ ഉള്‍പ്പെടുന്ന മിശ്രവിവാഹങ്ങളില്‍ ആശങ്കയുയര്‍ത്തുന്നത് ക്രൈസ്തവര്‍ മാത്രമല്ല. ഹൈന്ദവ-ക്രൈസ്തവ മുസ്ലീം സമുദായങ്ങളില്‍പ്പെട്ട എല്ലാ മനുഷ്യരും വിഷയം ഒന്നിച്ച് ചിന്തിക്കേണ്ടതാണെന്നുമാണ് എഡിറ്റോറിയയില്‍ പറയുന്നത്. ലൗ ജിഹാദ് ഇല്ലെന്ന് പറയുന്ന സിപിഎമ്മിന് ഇസ്ലാമിക തീവ്രവാദികളുടെ നീക്കത്തില്‍ ഭയമുണ്ടെന്നും ദീപിക ആരോപിക്കുന്നു. പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്ത് ഇക്കാര്യം മൂടിവെച്ച് മതേതരത്വം പറയുകയാണ് സിപിഎം.
ജോയ്‌സനയെ പേടിപ്പിച്ചാണ് വിവാഹത്തിന് സമ്മതിപ്പിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ രക്ഷിതാക്കള്‍ക്ക് അവകാശമില്ലേയെന്നും ദീപിക ചോദിക്കുന്നു. മതം മാറ്റിയ ശേഷം ഐഎസില്‍ ചേര്‍ത്ത ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ കാര്യം കേരളത്തിലെ രക്ഷിതാക്കളെ പേടിയിലാഴ്ത്തുന്നു. കെ ടി ജലീലിനെയും എഡിറ്റോറിയയില്‍ വിമര്‍ശിക്കുന്നുണ്ട്. കോലാഹലമുണ്ടാക്കരുതെന്ന ജലീലിന്റെ നിലപാട് ശരിയല്ല. ഇസ്ലാമിക തീവ്രവാദികള്‍ ഉയര്‍ത്തുന്ന പ്രശ്‌നത്തില്‍ എല്ലാം മുസ്ലിംകളും പഴികേള്‍ക്കേണ്ട സാഹചര്യം ഉണ്ടാക്കരുത്. മതേതരത്വവും മതസൗഹാര്‍ദ്ദവും പറഞ്ഞ് ആരേയും പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും ദീപികയുടെ മുഖപ്രസംഗത്തില്‍ പറയുന്നു. ഷെജിനും ജോയ്‌സനയും ഇന്ന് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഹൈക്കോടതിക്ക് മുമ്പാകെ ഹാജരാകാനിരിക്കെയാണ് ദീപികയുടെ പ്രകോപനപരമായ മുഖപ്രസംഗം.