മൊബൈല്‍ഫോണില്‍ പാകിസ്താനി ഗാനം കേട്ടതിന് ഉത്തര്‍പ്രദേശില്‍ രണ്ട് മുസ് ലിംകുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 16ഉം 17ഉം വയസ്സുള്ള കുട്ടികളെയാണ് റായ്ബറേലിയില്‍ പൊലീസ് പിടികൂടിയത്. പാകിസ്താനെ പ്രശംസിക്കുന്ന ഗാനം കുട്ടികള്‍ മൊബൈല്‍ ഫോണില്‍ കേട്ടുവെന്ന് ഗ്രാമവാസിയായ ആശിഷ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ദേശീയോദ്ഗ്രഥനത്തെ തടസ്സപ്പെടുത്തല്‍, മനപ്പൂര്‍വമുള്ള അവഹേളനം, സമാധാന ലംഘനത്തിനുള്ള പ്രകോപനനീക്കം തുടങ്ങിയ വകുപ്പുകളാണ് കുട്ടികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഏപ്രില്‍ 14നായിരുന്നു സംഭവം. അന്ന് രാത്രി കുട്ടികളെ പൊലീസ് ലോക്കപ്പിലാണ് പാര്‍പ്പിച്ചത്.
കുട്ടികള്‍ മൊബൈലില്‍ പാകിസ്താനി ഗാനം കേള്‍ക്കുന്ന ദൃശ്യം പരാതിക്കാരനായ ആശിഷ് പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ ഇട്ടിരുന്നു. അതേസമയം കുട്ടികള്‍ ഇതിന്റെ പ്രത്യാഘാതം അറിയാതെയാണ് ഫോണില്‍ പാകിസ്താനി ഗാനം കേട്ടതെന്ന് ഇവരുടെ ബന്ധു വെളിപ്പെടുത്തി.
പാക് ബാലതാരം ആയത് ആരിഫിന്റെ പാകിസ്താന്‍ സിന്ദാബാദ് എന്ന ഗാനമാണ് ഇരുവരും കേട്ടത്. 40 സെക്കന്റില്‍ താഴെയുള്ള ഗാനം കുട്ടികള്‍ അബദ്ധവശാല്‍ കേള്‍ക്കുകയായിരുന്നുവെന്നും വിവാദമായതോടെ ക്ഷമാപണം നടത്തിയതായും ബന്ധു പറഞ്ഞു.