പാലക്കാട്: ഒലവക്കോടിന് സമീപം യുവാവിനെ തല്ലിക്കൊന്നു. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖ്(27) ആണ് ക്രൂരമര്‍ദ്ദനത്തിരയായി കൊല്ലപ്പെട്ടത്. ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.
മര്‍ദ്ദക സംഘത്തിലുണ്ടായിരുന്ന മൂന്നുപേരെ ഓടിക്കൂടിയ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസിനു കൈമാറി. ഒലവക്കോട് ഐശ്വര്യ നഗര്‍ കോളനിയിലാണ് സംഭവം നടന്നത്. അടിയേറ്റ് നിലത്തുവീണ യുവാവിനെ പ്രദേശവാസികള്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെ വച്ചാണ് മരണം സംഭവിച്ചത്. ഇന്നലെ മുണ്ടൂര്‍ കുമ്മാട്ടി ഉത്സവമായിരുന്നു. അതുകഴിഞ്ഞ് ബാറിലേക്കുവന്ന പ്രതികളില്‍ ഒരാളുടെ ബൈക്ക് റഫീഖ് മോഷ്ടിച്ചു എന്നാണ് ആരോപണം.
ബാറില്‍ നിന്ന് 300 മീറ്റര്‍ അകലെയാണ് പ്രതികള്‍ റഫീഖിനെ മര്‍ദ്ദിച്ചത്. റഫീഖ് അടിയേറ്റ് ബോധരഹിതനായതോടെ പ്രതികള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. അതിനിടെ ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ പ്രതികളില്‍ മൂന്നു പേരെ തടഞ്ഞുവയ്ക്കുകയായിരുന്നു.