മലപ്പുറം: മഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ അബ്ദുല്‍ ജലീലി (52)ന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. നെല്ലിക്കുത്ത് സ്വദേശി ഷംസീറാണ് പൊലീസ് പിടിയിലായത്.
അബ്ദുല്‍ മജീദ് എന്നയാളെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. മറ്റൊരു പ്രതി ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി അന്വേഷണം തുടരുകയാണ്.
വെട്ടേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി നഗരസഭയിലെ ലീഗ് കൗണ്‍സിലര്‍ അബ്ദുല്‍ ജലീല്‍ ഇന്നലെ രാത്രിയാണ് മരിച്ചത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നഗരസഭാ പരിധിയില്‍ തുടരുകയാണ്.
പാലക്കാട് ഒരു മധ്യസ്ഥ ചര്‍ച്ചയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയെത്തുമ്പോഴാണ് ജലീല്‍ കൊല്ലപ്പെടുന്നത്. ഇവിടെ വച്ചുണ്ടായ ഏന്തെങ്കിലും തര്‍ക്കമായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതിയിരുന്നത്. എന്നാല്‍ മധ്യസ്ഥ ചര്‍ച്ചയും ആക്രമണവും തമ്മില്‍ ബന്ധമില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
ഇന്നലെ അര്‍ധരാത്രിയാണ് കൗണ്‍സിലര്‍ അബ്ദുള്‍ ജലീലിന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ജലീല്‍ പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും നേരത്തേ കൗണ്‍സിലറായിരുന്നു. ജലീലിന്റെ നിര്യാണത്തെ തുടര്‍ന്ന് ന?ഗരസഭയില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്.