മലപ്പുറം:കോവിഡ് ഇളവുകളില്‍ സ്‌കൂളുകള്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായതിനുശേഷമുള്ള പൊതുപരീക്ഷക്ക് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ ഒരുങ്ങി. ഹയര്‍ സെക്കന്‍ഡറി പരീക്ഷ ബുധനാഴ്ചയും എസ്എസ്എല്‍സി പരീക്ഷ വ്യാഴാഴ്ചയും തുടങ്ങും. ജില്ലയില്‍നിന്ന് 77,817 വിദ്യാര്‍ഥികളാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതുന്നത്.പത്താംതരം പരീക്ഷ എഴുതുന്നത് 78,219 വിദ്യാര്‍ഥികളും.
കഴിഞ്ഞവര്‍ഷം 76,014 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇത്തവണ 2205 വിദ്യാര്‍ഥികള്‍ കൂടുതല്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നതും മലപ്പുറത്താണ്. എടരിക്കോട് പികെഎംഎംഎച്ച്എസ് സ്‌കൂളിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത്. 2104 വിദ്യാര്‍ഥികള്‍. കോവിഡ് സുരക്ഷാ മാനണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷ നടത്തുന്നത്. പരീക്ഷക്ക് എത്തുന്ന വിദ്യാര്‍ഥികളുടെ ശരീരോഷ്മാവ് പരിശോധിക്കും. കൈകള്‍ അണുവിമുക്തമാക്കാന്‍ സാനിറ്റൈസര്‍ നല്‍കും. മാസ്‌കും ഉറപ്പാക്കും.