ടെഹ്റാൻ: ഇറാനിൽ പ്രസവത്തിന് പിന്നാലെ 14കാരിയായ പെൺകുട്ടിയെ ഭർത്താവ് മർദിച്ചുകൊലപ്പെടുത്തിയതായി റിപ്പോർട്ട്. കെർമാൻ പ്രവിശ്യയിലെ സൊഗാന്ദ് മൊഷ്തരേകിയാണ് കൊല്ലപ്പെട്ടത്. സ്വന്തം വീട്ടിലേക്ക് പോകാൻ അനുവാദം ചോദിച്ചതിനെ തുടർന്നാണ് ഭർത്താവ് മർദിച്ച് കൊലപ്പെടുത്തിയതെന്ന് ഇറാൻ ഹ്യൂമൻ റൈറ്റ്സ് റിപ്പോർട്ട് ചെയ്തു.
20കാരനായ ഭർത്താവ് കുറ്റം സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്. അടുത്തിടെയാണ് പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയത്. പ്രസവത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വാഹനാപകടത്തിൽപ്പെട്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. പ്രസവം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് കൊലപാതകം നടന്നത്.
ഇറാനിലെ നിർബന്ധിത ശൈശവ വിവാഹങ്ങളുടെ ഇരയാണ് സൊഗാന്ദ്. വിവാഹത്തിന് പിന്നാലെ ഭർത്താവിൽനിന്ന് നിരന്തരം പീഡനം നേരിട്ടിരുന്നതായാണ് റിപ്പോർട്ടുകൾ. ഭർത്താവ് പുറത്തുപോകുമ്പോൾ പെൺകുട്ടിയെ വീട്ടിൽ പൂട്ടിയിടുകയും സ്വന്തം കുടുംബവുമായി ബന്ധപ്പെടുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
ഇറാനിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങളുടെ തുടർച്ചയായാണ് സംഭവം പുറത്തുവന്നിരിക്കുന്നത്. ഗർഭിണിയായിരിക്കെ 21കാരിയായ സെഫീദ് റയീസി ഭർത്താവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് 14കാരിയുടെ കൊലപാതകവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. നവംബർ ആദ്യവാരം 19കാരിയായ ഹെലിയ ഫത്താഹിയും കുടുംബത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.




