തിരുവനന്തപുരം: എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ രണ്ട് മത്സ്യബന്ധന ബോട്ടുകളിലെ 23 മത്സ്യത്തൊഴിലാളികളെ മറൈൻ എൻഫോഴ്സ്മെന്റും ലൈഫ് ഗാർഡുകളും ചേർന്ന് രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയുമായി നടന്ന രണ്ട് വ്യത്യസ്ത രക്ഷാദൗത്യങ്ങളിലൂടെയാണ് തൊഴിലാളികളെ സുരക്ഷിതമായി കരയ്ക്കെത്തിച്ചത്.
വ്യാഴാഴ്ച രാത്രി വിഴിഞ്ഞം തീരത്തുനിന്ന് 18 മൈൽ അകലെ എൻജിൻ തകരാറിലായി കടലിൽ ഒഴുകിനടന്ന കൊല്ലം ശക്തികുളങ്ങര സ്വദേശി ജോർജ് സെറിലിന്റെ ഉടമസ്ഥതയിലുള്ള ബോട്ടിലെ 11 തൊഴിലാളികളെയാണ് ആദ്യം രക്ഷപ്പെടുത്തിയത്.
വെള്ളിയാഴ്ച രാവിലെ വിഴിഞ്ഞം തീരത്തുനിന്ന് രണ്ട് മൈൽ അകലെ രണ്ടാമത്തെ സംഭവം ഉണ്ടായി. ശക്തികുളങ്ങര സ്വദേശി വിൽസൺ വിൻസെന്റിന്റെ ‘ബെഥേൽ’ ബോട്ടാണ് എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയത്. ബോട്ടിലുണ്ടായിരുന്ന 12 തൊഴിലാളികളെയും രക്ഷാപ്രവർത്തകർ സുരക്ഷിതമായി കരയ്ക്കെത്തിച്ചു.
വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ആർ. മനുവിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും ലൈഫ് ഗാർഡുകളും ദൗത്യത്തിൽ പങ്കെടുത്തു. സമയോചിതമായ ഇടപെടലിലൂടെ 23 തൊഴിലാളികളുടെയും ജീവൻ രക്ഷിക്കാനായി.




