തിരുവനന്തപുരം: ശബരിമല വെർച്വൽ ക്യൂ സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് പണം വാങ്ങി മറിച്ചുവിറ്റതായി ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ വൻകിട ട്രാവൽ ഏജൻസികളാണ് തട്ടിപ്പിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
സോഫ്റ്റ്വെയറിലെ സുരക്ഷാ പിഴവുകൾ മുതലെടുത്ത് ഒറ്റ മൊബൈൽ നമ്പറിൽനിന്ന് നിരവധി ബുക്കിങ്ങുകൾ നടത്തിയെന്നാണ് കണ്ടെത്തൽ. ഒ.ടി.പി പരിശോധന ഇല്ലാത്തതും തട്ടിപ്പിന് വഴിയൊരുക്കി. ബുക്കിങ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ സ്ലോട്ടുകൾ തീർന്നതോടെ പണം നൽകി ട്രാവൽ ഏജൻസികളെ സമീപിക്കാൻ തീർത്ഥാടകർ നിർബന്ധിതരായി. പിന്നീട് കൂട്ടത്തോടെ സ്ലോട്ടുകൾ റദ്ദാക്കിയതും ആദ്യ ദിവസങ്ങളിലെ തീർത്ഥാടകരുടെ എണ്ണത്തിൽ കുറവുണ്ടാകാൻ കാരണമായെന്നാണ് വിജിലൻസ് വിലയിരുത്തൽ.
അതേസമയം, ശബരിമലയിലെ പ്രതിദിന ദർശന പരിധി 80,000ൽ നിന്ന് 90,000 ആയി ഉയർത്താൻ ദേവസ്വം ബോർഡ് നീക്കം തുടങ്ങി. ഇതിനായി ദേവസ്വം കമ്മീഷണർ മുഖേന ഹൈക്കോടതിയെ സമീപിക്കും. പന്തളത്ത് പുതിയ സ്പോട്ട് ബുക്കിങ് കൗണ്ടറും ആരംഭിക്കും. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് സൗകര്യങ്ങൾ വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
റദ്ദാക്കുന്ന സ്ലോട്ടുകൾ വീണ്ടും ലഭ്യമാക്കുന്നതിനുള്ള സമയപരിധിയും പുനഃപരിശോധിക്കും. നിലവിലെ സ്ലോട്ട് തട്ടിപ്പിൽ സൈബർ പൊലീസ് അന്വേഷണം തുടരുകയാണ്. ട്രാവൽ ഏജൻസികളെ ചോദ്യം ചെയ്യും. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഒ.ടി.പി അധിഷ്ഠിത ബുക്കിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത തീർത്ഥാടനകാലത്തിന് മുമ്പ് സോഫ്റ്റ്വെയർ പൂർണമായി പരിഷ്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.




