റാഞ്ചി: ഭാര്യമാർ തമ്മിലുള്ള ദീർഘകാല തർക്കത്തെച്ചൊല്ലി രണ്ട് യുവതികളെ കൊലപ്പെടുത്തി വനത്തിൽ കുഴിച്ചിട്ട സംഭവത്തിൽ രണ്ട് സഹോദരങ്ങൾ അറസ്റ്റിൽ. ഝാർഖണ്ഡിലെ ഗുമ്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ആംബുലൻസ് ഡ്രൈവറായ ശിവശങ്കർ സാഹു, സഹോദരൻ നവീൻ സാഹു എന്നിവരാണ് അറസ്റ്റിലായത്. മിനി പ്രിയ (28), രാധിക കുമാരി (20) എന്നിവരാണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ചയാണ് ഇരുവരും ചേർന്ന് സ്വന്തം ഭാര്യമാരെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം. തുടർന്ന് മൃതദേഹങ്ങൾ ആംബുലൻസിൽ അയൽജില്ലയായ സിംഡേഗയിലെ വനത്തിലെത്തിച്ച് കുഴിച്ചിടുകയായിരുന്നു. ഗുമ്ല പൊലീസ് സൂപ്രണ്ട് ഹാരിസ് ബിൻ സമയാണ് ഇക്കാര്യം അറിയിച്ചത്.
മിനിയും രാധികയും തമ്മിൽ ഏറെക്കാലമായി തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിൽ സഹോദരന്മാർക്ക് കടുത്ത അമർഷമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ കൊലപാതകത്തിന് രണ്ട് ദിവസം മുമ്പ് ഇരുവരും സംസാരിച്ച് തർക്കം പരിഹരിച്ചിരുന്നതായും അന്വേഷണത്തിൽ വിവരം ലഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ ഒൻപത് മണിയോടെ കൊല്ലപ്പെട്ട യുവതികളുടെ കുടുംബാംഗങ്ങൾ ഇരുവരുമായും ഫോണിൽ സംസാരിച്ചിരുന്നു. അന്ന് അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നില്ലെന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴി.
ചൊവ്വാഴ്ച ഭാര്യമാരെ കാണാനില്ലെന്ന് പറഞ്ഞാണ് സഹോദരങ്ങൾ പൊലീസിനെ സമീപിച്ചത്. തങ്ങളോട് പറയാതെ ഇരുവരും എവിടെയോ പോയെന്നായിരുന്നു ഇവരുടെ വിശദീകരണം. എന്നാൽ വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് ഹാരിസ് ബിൻ സമ പിടിഐയോട് പറഞ്ഞു.
പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വനത്തിൽ കുഴിച്ചിട്ട മൃതദേഹങ്ങൾ പൊലീസ് കണ്ടെത്തി പുറത്തെടുത്തു. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി അയച്ചു. കൊലപാതകത്തിന് ഉപയോഗിച്ച മഴുവും മൃതദേഹങ്ങൾ കൊണ്ടുപോകാൻ ഉപയോഗിച്ച ആംബുലൻസും പൊലീസ് പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് പ്രതികളുടെ മാതാപിതാക്കളായ സമേശ്വർ സാഹു, തിലേശ്വരി ദേവി എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിൽ ഇവർക്കുള്ള പങ്ക് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.
ഭാര്യമാർ തമ്മിലുള്ള തർക്കത്തെച്ചൊല്ലി സ്വന്തം ഭാര്യമാരെ തന്നെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.




