ബെംഗളൂരു: മലയാളി നഴ്സിംഗ് വിദ്യാർഥിനി ഗംഗയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയമെന്ന് പൊലീസ്. കൊല്ലപ്പെട്ട ഗംഗ തന്നെ ഒഴിവാക്കുകയാണോ എന്ന സംശയമാണ് ഗോകുൽ കൃഷ്ണയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഫോൺ പലപ്പോഴും എൻഗേജ്ഡ് ആയിരുന്നതും ഇതേച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കവുമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് വിവരം. വ്യാഴാഴ്ച ഒരുമിച്ചിരിക്കുമ്പോഴും ഗംഗയുടെ ഫോണിലേക്ക് കോൾ വന്നതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. അടുത്ത ദിവസവും തർക്കം തുടർന്നു. ഇതിനൊടുവിലാണ് ഗോകുൽ ഗംഗയെ കുത്തിക്കൊലപ്പെടുത്തിയത്.
പത്തനംതിട്ട അടൂർ സ്വദേശിനിയായ 22കാരി ഗംഗയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൊല്ലം സ്വദേശി ഗോകുൽ കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ കോട്ടൺപേട്ട് ഒ.ടി.സി റോഡിലുള്ള റീജൻസി ഇൻ ലോഡ്ജിലായിരുന്നു സംഭവം.
തവക്കൽ മസ്താൻ ദർഗയ്ക്ക് സമീപമുള്ള ലോഡ്ജിൽ എത്തിയ ഇരുവരും തമ്മിൽ രാവിലെ തർക്കമുണ്ടായി. പിന്നാലെ കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് ഗോകുൽ ഗംഗയുടെ വയറിന് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗംഗയെ വിക്ടോറിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകത്തിന് പിന്നാലെ കത്തിയുമായി രക്ഷപ്പെടാൻ ശ്രമിച്ച ഗോകുലിനെ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ തടഞ്ഞുനിർത്തുകയായിരുന്നു.
ബെംഗളൂരു നെലമംഗലയിലെ ഹർഷ നഴ്സിംഗ് കോളേജിൽ പഠിക്കുന്നതിനിടെയാണ് ഗംഗയും ഗോകുലും പരിചയപ്പെട്ടത്. ഗോകുലിന്റെ ജൂനിയറായിരുന്നു ഗംഗ. നഴ്സിംഗ് പഠനത്തിന് പ്രവേശനം നേടുന്നതിനും പഠനം പൂർത്തിയാക്കിയവർക്ക് ജോലി ലഭിക്കുന്നതിനും ആവശ്യമായ സഹായങ്ങൾ ചെയ്തിരുന്നയാളായിരുന്നു ഗോകുൽ. പഠനം പൂർത്തിയാക്കിയ ഗംഗ ജോലി അന്വേഷിച്ചുവരികയായിരുന്നു.
ലോഡ്ജിന് സമീപം റോഡരികിൽ വെച്ചും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നതായി പ്രദേശവാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ലോഡ്ജിലേക്ക് വരുമ്പോൾ തന്നെ ഗോകുൽ കത്തി കൈവശം കരുതിയിരുന്നോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.




