തിരുവനന്തപുരം: തലസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഒരു മണിക്കൂറിലേറെയായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യുകയാണ്. അതേസമയം, ശനിയാഴ്ച സംസ്ഥാനത്ത് പൊതുവെ കനത്ത മഴയ്ക്ക് സാധ്യതയില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. എല്ലാ ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത.
കന്യാകുമാരി മേഖലയിൽ നിന്ന് തമിഴ്നാടിനും കേരളത്തിനും കുറുകെ തെക്കൻ ഉൾനാടൻ കർണാടക വരെ കിഴക്കൻ കാറ്റുമായി ബന്ധപ്പെട്ട ന്യൂനമർദ പാത്തി നിലനിൽക്കുന്നതിന്റെ സ്വാധീനമായി കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മഴയ്ക്കൊപ്പം ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുവെ മഴയുടെ തീവ്രത കുറവായിരിക്കുമെങ്കിലും ഇടിമിന്നലും കാറ്റും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.
24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശക്തമായ മഴയായി കണക്കാക്കുന്നത്.




