കോഴിക്കോട് വടകരയിൽ എംഡിഎംഎയുമായി പിടിയിലായ മൂന്ന് അധ്യാപകർ ലഹരി പാർട്ടികൾ സംഘടിപ്പിച്ചിരുന്നതായി അന്വേഷണ സംഘത്തിന്റെ നിർണായക കണ്ടെത്തൽ. കേസിൽ അറസ്റ്റിലായ കീർത്തന, കാവ്യ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിൽ കഴിഞ്ഞ ആറു മാസത്തിനിടയിൽ ലക്ഷക്കണക്കിന് രൂപ എത്തിയതായി പൊലീസ് കണ്ടെത്തി.
പ്രതികളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം എത്തിയതുൾപ്പെടെ പത്ത ലക്ഷത്തിലധികം രൂപയുടെ ഇടപാടുകൾ നടന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്. എന്നാൽ, ചോദ്യം ചെയ്യലിൽ ലഹരിയുടെ മൊത്തവിതരണക്കാരുടെ വിവരങ്ങൾ നൽകാൻ പ്രതികൾ തയ്യാറായിട്ടില്ല. ലഹരി വ്യാപാര ശൃംഖലയിലെ മിഡിൽ ഏജന്റുകാളായിട്ടാണ് ഇവർ പ്രവർത്തിച്ചിരുന്നത്. ‘എല്ലാം നിഷ്മയ്ക്ക് അറിയാം’ എന്നാണ് കീർത്തന പൊലീസിന് നൽകിയ മൊഴി. കേസുമായി ബന്ധപ്പെട്ട് റേഞ്ച് ഡി.ഐ.ജി. കെ. കാർത്തിക് ഇന്ന് വടകരയിൽ അന്വേഷണ സംഘത്തിന്റെ യോഗത്തിൽ പങ്കെടുക്കും.
പ്രധാന കണ്ടെത്തലുകൾ:
- ഇൻസ്റ്റഗ്രാം വഴി ബന്ധം: ലഹരി മാഫിയയിലെ കണ്ണികളുമായി പ്രതികൾ ബന്ധപ്പെട്ടത് ഇൻസ്റ്റഗ്രാം വഴിയാണ്. മാഫിയാ സംഘത്തിൽപ്പെട്ടവരാണെന്ന് അറിഞ്ഞുതന്നെയാണ് ഇവർ ബന്ധം സ്ഥാപിച്ചത്.
- തുടക്കം മംഗളൂരുവിൽ നിന്ന്: മംഗളൂരുവിലുള്ള ഒരു സുഹൃത്ത് വഴിയാണ് ഇവർ ആദ്യം എം.ഡി.എം.എ ഉപയോഗിക്കുന്നത്. പിന്നീട് വിൽപ്പനക്കാരെ തേടുകയും ഇൻസ്റ്റഗ്രാം വഴി വലിയ മാഫിയയുമായി ബന്ധം സ്ഥാപിക്കുകയുമായിരുന്നു. തുടക്കത്തിൽ ഇവർക്ക് എം.ഡി.എം.എ ലഭിക്കുകയും, പിന്നീട് വിൽപ്പനയുടെ കണ്ണികളായി മാറുകയും ചെയ്തു.
- അധ്യാപികമാരുടെ പരിഗണന ദുരുപയോഗം ചെയ്തു: പ്രതികളിൽ രണ്ടുപേരും അധ്യാപികമാരായതിനാൽ മയക്കുമരുന്ന് മാഫിയ ഈ പദവി പരമാവധി ഉപയോഗപ്പെടുത്തുകയായിരുന്നു.
സംഘത്തിൽ ഉൾപ്പെട്ട ഒരാൾ കൂടി ഒളിവിലുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.




