കൊച്ചി: നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ പൊതുദർശനം ആരംഭിച്ചു. ഇൻഡോർ സ്റ്റേഡിയത്തിൽ ആണ് പൊതുദർശനം നടക്കുന്നത്.വെള്ളിത്തിരയിൽ അത്ഭുതം തീർത്ത അതുല്യ കാലാകാരനെ ഒരുനോക്ക് കാണാനും അന്ത്യാഞ്ജലിയർപ്പിക്കാനും ആയിരങ്ങൾ ആണ് സ്റ്റേഡിയത്തിൽ എത്തിച്ചേരുന്നത്.
കൊച്ചിയിലെ വി.പി.എസ്. ലേക്‌ഷോർ ആശുപത്രിയിൽ ഞായറാഴ്ച രാത്രി 10.30-ഓടെയായിരുന്നു ഇന്നസെന്റിന്റെ അന്ത്യം.11 മണിവരെ ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനം തുടരും. മലയാള സമൂഹം കേരളക്കര മുഴുവനും ഇവിടെ എത്തി ഇന്നസെന്റിന് അന്തിമോപചാരം അർപ്പിക്കും. ഇവിടുത്തെ പൊതുദർശനത്തിന് ശേഷം സ്വന്തം നാടായ തൃശൂരിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് 12 മുതൽ 3.30 വരെ തൃശൂർ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ പൊതുദർശനം ഉണ്ടാകും. വൈകീട്ട് മൂന്നര മുതൽ ചൊവ്വാഴ്ച രാവിലെ പത്ത് വരെ വീട്ടിൽ പൊതുദർശനം.തുടർന്ന് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്കാരം നടക്കും.മതാപിതാക്കളുടെ കല്ലറയ്ക്ക് സമീപം ആകും ഇന്നസെന്റിന്റെ സംസ്കാരവും നടക്കുക.
മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു ഉൾപ്പടെയുള്ളർ ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിച്ചേർന്നിട്ടുണ്ട്. താരസംഘടനയായ അമ്മയുടെ ഭാരവാഹികളും ഒപ്പമുണ്ട്. പൊതുജനങ്ങൾക്കായും സിനിമാ പ്രവർത്തകർക്ക് വേണ്ടിയും രണ്ട് കവാടങ്ങളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. മുഴുവൻ ആളുകൾക്കും ഇവിടെ തന്നെ അന്ത്യോപചാരം അർപ്പിക്കാനുള്ള സൗകര്യങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ട്. മലയാളത്തിന്റെ ഹാസ്യ നായകന്മാരിൽ ഒഴിച്ചുകൂടാനാകാത്ത വ്യക്തിത്വമാണ് ഇന്നസെന്റ്. മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നഡ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.750-ലധികം സിനിമകളിൽ അഭിനയിച്ചു. മൂന്ന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഇന്നസെന്റിനെ തേടിയെത്തി.’നൃത്തശാല’ എന്ന സിനിമയിലൂടെ ആരംഭിച്ച താരം ഹാസ്യ വേഷങ്ങളിലും പിന്നീട് ‘പൊൻമുട്ടയിടുന്ന തറവ്’, ‘ഗാനമേള’ തുടങ്ങിയ ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിലും ശ്രദ്ധേയനായി.‘മഴവിൽക്കാവടി’ എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള സംസ്ഥാനപുരസ്കാരം നേടി.അഭിനയത്തിനോടൊപ്പം രാഷ്ട്രീയത്തിലും ഇന്നസെന്റ് സജീവ സാന്നിധ്യമായിരുന്നു.2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥിയായി ഇന്നസെന്റ് വിജയിച്ചു. 2003 മുതൽ 2018 വരെ മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’ യുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ ഓർമ്മകളെ ആസ്പദമാക്കി പുസ്തകങ്ങളും മാസികകളും ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലാണ് ഇന്നസെന്റ് അവസാനമായി വേഷമിട്ടത്. ചിത്രം റിലീസിന് തയാറെടുക്കുകയാണ്.